ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ നാല് ഘട്ടങ്ങളില്‍ 66.95 ശതമാനം പോളിംഗ്. 67.45 കോടി വോട്ടര്‍മാരില്‍ 45.15 കോടി വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് നാല് ഘട്ട പോളിംഗ് വിവരങ്ങള്‍ പുറത്തുവിട്ടത്.
നാല് ഘട്ടങ്ങളിലായി 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 379 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഏപ്രില്‍ 19ന് നടന്ന ആദ്യ ഘട്ടവോട്ടെടുപ്പില്‍ 102 മണ്ഡലങ്ങളിലായി 66.14 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 16.63 കോടി വോട്ടര്‍മാരില്‍ അന്ന് പോള്‍ ചെയ്തത് 11 കോടി വോട്ടര്‍മാരാണ്. അതേസമയം രണ്ടാം ഘട്ടമായ ഏപ്രില്‍ 26ന് 88 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ ആകെ പോളിംഗ് 66.71 ശതമാനമായിരുന്നു. 15.88 കോടിവോട്ടര്മാരില് 10.59 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തില്‍ വോട്ട് ചെയ്തത്. മൂന്നാം ഘട്ടമായ മേയ് 7 ന് നടന്ന തിരഞ്ഞെടുപ്പില്‍ 65.68 ശതമാനമായിരുന്നു ആകെ പോളിംഗ്. 94 മണ്ഡലങ്ങളിലായി 11.32 കോടി വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്.
നാലാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ആകെ 69.16 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 17.70 കോടി വോട്ടര്‍മാരില്‍ 12.24 കോടി വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യ 3 ഘട്ടങ്ങളിലും വോട്ടിംഗ് ശതമാനത്തില്‍ 2.72%, 2.93%, 3.43% എന്നിങ്ങനെ ഇടിവുണ്ടായിരുന്നു. എന്നാല്‍ നാലാം ഘട്ടത്തില്‍ 3.65 ശതമാനം പോളിംഗ് കൂടിയതായും തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. അതേസമയം തിരഞ്ഞെടുപ്പ് വിവരങ്ങള്‍ പുറത്തുവിടാത്തതില്‍ കമ്മീഷനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.