സര്‍ക്കാര്‍ പ്രതിസന്ധിയില്‍; 16000 ത്തോളം സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ, 9000 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ ധനംവകുപ്പ്

Jaihind Webdesk
Friday, May 17, 2024

 

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലെ ജീവനക്കാരുടെ കൂട്ട വിരമിക്കലിനെ എങ്ങനെ അതിജീവിക്കാം എന്ന ആശങ്കയിലാണ് സർക്കാർ. 16000 ത്തോളം സർക്കാർ ജീവനക്കാരാണ് ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്നത്. കൂട്ടമായി വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുവാൻ 9000 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ ധനവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. ഇതിന് പുറമേ സംസ്ഥാനത്തെ ക്ഷേമ പെൻഷനുകളും ആറുമാസമായി മുടങ്ങിയിരിക്കുകയാണ്.

നടപ്പു സാമ്പത്തിക വർഷം മുതൽ അതാത് മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. ഈ മാസം ആദ്യം മുതൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്.  ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തിൽ എടുക്കാവുന്ന വായ്പാ പരിധിയുടെ കണക്ക് നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിച്ചു. വായ്പ പരിധി നിശ്ചയിച്ച് നൽകാത്തതിലുള്ള ആശങ്ക സംസ്ഥാനം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. വായ്പ പരിധി നിശ്ചയിച്ച് കിട്ടും വരെയുള്ള ചെലവുകൾക്കായി 5000 കോടി മുൻകൂര്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം നൽകിയത് 3000 കോടി മാത്രമാണ്.

നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിനുള്ള കടപരിധി 37512 കോടി രൂപയാണ്. ഡിസംബര്‍ വരെയുള്ള ആദ്യപാദത്തിൽ എടുക്കാവുന്ന പരിധി കേന്ദ്ര ധനമന്ത്രാലയം അതാത് സംസ്ഥാനങ്ങൾക്ക് മെയ് ആദ്യം നിശ്ചയിച്ച് നൽകുന്നതാണ് പതിവ്. ഈ പതിവാണ് ഇപ്പോൾ തെറ്റിയിരിക്കുന്നത്. അതേസമയം പിടിച്ചുനിൽക്കുവാൻ പെൻഷൻ പ്രായം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സാധ്യതകളും സർക്കാർ തേടുന്നതായ അഭ്യൂഹങ്ങളും ഉയരുകയാണ്. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ചർച്ചകളുണ്ടാകുമോ എന്നാണ് ആകാംക്ഷ.