ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Jaihind Webdesk
Thursday, May 16, 2024

 

തിരുവനന്തപുരം: കേരളത്തിലെ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

മെയ് 20വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20ന് പത്തനംതിട്ടയിലും ഇടുക്കിയിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 20ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

മെയ് 18ന് പാലക്കാടും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 19ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ശക്തമായ മഴയുണ്ടാകും. കോമറിന് തീരത്ത്, തമിഴ്നാട് തീരത്തോട് ചേർന്ന് ഒരു ചക്രവാത ചുഴി നിലനിൽക്കുന്നു. ഇതിനാല്‍ തന്നെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ തെക്കൻ കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.