നമ്പി രാജേഷിന്‍റെ വിയോഗം അത്രമേല്‍ സങ്കടപ്പെടുത്തുന്നത്; ഉത്തരവാദിത്തത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല: വി.ഡി.സതീശന്‍

Jaihind Webdesk
Thursday, May 16, 2024

 

തിരുവനന്തപുരം:  നമ്പി രാജേഷിന്‍റെ വിയോഗം അത്രമേല്‍ സങ്കടപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജീവനോടെ കാണാന്‍ കൊതിച്ചവരുടെ മുന്നിലേക്ക് ചേതനയറ്റാണ് നമ്പി രാജേഷ് എത്തിയത്. അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാജേഷിനെ അവസാനമായി കാണാന്‍ ഭാര്യ അമൃതയ്ക്ക് കഴിഞ്ഞില്ല രാജേഷിന് തിരിച്ചും കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്തത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. രാജേഷിനരികില്‍ അമൃത ഉണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷെ ആ ജീവന്‍ രക്ഷിക്കാമായിരുന്നു. ജീവിതകാലം മുഴുവന്‍ ആ നൊമ്പരം അമൃതയുടെയും കുടുംബാംഗങ്ങളുടെയും മനസിലുണ്ടാകും. വിമാന കമ്പനിയുടെയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും ഭാഗത്ത് നിന്നും അടിയന്തര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ജീവനോടെ കാണാന്‍ കൊതിച്ചവരുടെ മുന്നിലേക്ക് ചേതനയറ്റാണ് നമ്പി രാജേഷ് എത്തിയത്. ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരനായിരുന്ന രാജേഷിന്റെ വിയോഗം അത്രമേല്‍ സങ്കടപ്പെടുത്തുന്നതാണ്. അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാജേഷിനെ അവസാനമായി കാണാന്‍ ഭാര്യ അമൃതയ്ക്ക് കഴിഞ്ഞില്ല; രാജേഷിന് തിരിച്ചും.
ഏഴാം തീയതി ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാജേഷിനെ കാണാന്‍ അമൃത തൊട്ടടുത്ത ദിവസം യാത്ര പുറപ്പെടാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നു. അപ്പോഴാണ് ജീവനക്കാരുടെ സമരം മൂലം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയത് അറിയുന്നത്. 9-ാം തീയതിയിലേക്ക് ടിക്കറ്റ് നല്‍കാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചെങ്കിലും അന്നും സര്‍വീസുകള്‍ മുടങ്ങി. ഇതിനു പിന്നാലെ രാജേഷ് മരിച്ചു.

രാജേഷിനരികില്‍ അമൃത ഉണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷെ ആ ജീവന്‍ രക്ഷിക്കാമായിരുന്നു. ജീവിതകാലം മുഴുവന്‍ ആ നൊമ്പരം അമൃതയുടെയും കുടുംബാംഗങ്ങളുടെയും മനസിലുണ്ടാകും. ഉത്തരവാദിത്തത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല.
ജീവിതത്തിലെ അത്രമാത്രം നിര്‍ണായകമായ ഒരു യാത്രയാണ് അമൃതയ്ക്ക് പൂര്‍ത്തീകരിക്കാനാകാതെ പോയത്. സമരത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയ ഒരു യാത്രക്കാരി മാത്രമാകരുത് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അമൃത. അമൃതയെ പോലെ എത്രയോ പേരുണ്ട്. ജോലി നഷ്ടപ്പെട്ടവര്‍, കൃത്യ സമയത്ത് ജോലിക്ക് കയറാന്‍ കഴിയാത്തവര്‍. സ്വപ്‌നങ്ങള്‍ തകര്‍ന്നു പോയവരുടെ വേദനയ്‌ക്കൊപ്പമാകണം നമ്മള്‍. വിമാന കമ്പനിയുടെയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും ഭാഗത്ത് നിന്നും അടിയന്തര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണം.