ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ അര്‍ധരാത്രി മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധം നടത്തി. 70കാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
പനി ബാധിച്ച് വണ്ടാനത്ത് ചികിത്സ തേടിയിരുന്ന ഉമൈബക്ക് ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നായിരുന്നു അടിയന്തരമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ചാണ് മൃതദേഹവുമായി ബന്ധുക്കള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തിരിച്ചെത്തി പ്രതിഷേധിച്ചത്. സംഭവത്തെ തുടര്‍ന്ന് പരിശോധന നടത്തി നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ രാത്രി ഒരു മണിക്ക് പ്രതിഷേധം അവസാനിപ്പിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റിക്ക് മുന്നിലാണ് ബന്ധുക്കളും നാട്ടുകാരും രണ്ടു മണിക്കൂര്‍ പ്രതിഷേധിച്ചത്. 70 വയസ്സുകാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ഉമൈബയുടെ മകന്‍ ആരോപിച്ചു. ആശുപത്രിയില്‍ വേണ്ട പരിചരണം ഉമൈബക്ക് നല്‍കിയില്ലെന്നും ഗുരുതരാവസ്ഥയില്‍ ആയിട്ടും ജനറല്‍ വാര്‍ഡില്‍ കിടത്തിയെന്നും ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
25 ദിവസം മുമ്പ് പനി ബാധിച്ചാണ് ഉമൈബ ആശുപത്രിയില്‍ എത്തിയത്. വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത ശേഷം പിന്നീട് അസുഖം മൂര്‍ച്ഛിച്ചു. തലച്ചോറില്‍ അണുബാധ ഉണ്ടായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉമൈബയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇന്നലെ വൈകിട്ടോടെയാണ് ഉമൈബ മരിച്ചത്. ന്യൂമോണിയ ബാധിച്ചാണ് മരണം എന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ് അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹവുമായി ആലപ്പുഴയില്‍ എത്തുകയായിരുന്നു. മൃതദേഹം അത്യാഹിത വിഭാഗത്തിന് മുന്നില്‍ വച്ച് ബന്ധുക്കളും നാട്ടുകാരും സമരം ചെയ്തു. നടപടി എടുക്കുമെന്ന ആശുപത്രി സൂപ്രണ്ടിന്‍റെ ഉറപ്പില്‍ ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിച്ചു.