സിദ്ധാർത്ഥന്‍റെ കൊലപാതകം; പ്രതികളുടെ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയില്‍

Jaihind Webdesk
Tuesday, May 14, 2024

 

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ കൊലക്കേസിലെ പ്രതികളുടെ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ സിബിഐ ഇന്ന് നിലപാട് അറിയിക്കും. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. സിദ്ധാർത്ഥിന്‍റെ അമ്മയും ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.

പ്രതികളുടെ അഭിഭാഷകര്‍ക്ക് കുറ്റപത്രത്തിന്‍റെ പകര്‍പ്പ് നല്‍കിയോ എന്ന കാര്യത്തിലും സിബിഐ മറുപടി നല്‍കും. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ത്ഥന്‍റെ അമ്മ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. മകന്‍റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് ഉപഹര്‍ജിയിലെ ആക്ഷേപം. തുടരന്വേഷണം വേണമെന്ന കാര്യം അന്തിമ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് അധ്യക്ഷനായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഫെബ്രുവരി 18-ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പസിലെ ക്രൂര റാഗിംഗിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥന്‍ മരണപ്പെട്ടതെന്നാണ് പരാതി. സിദ്ധാർത്ഥന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, കെഎസ്‌യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ എന്നിവരാണ് നിരാഹരമനുഷ്ഠിച്ചത്. സിദ്ധാര്‍ത്ഥന്‍റെ കുടുംബവും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഇതോടെ  കേസ് സിബിഐ ഏറ്റെടുത്തു.

സിദ്ധാര്‍ത്ഥന്‍റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കോളേജ് ക്യാമ്പസിനകത്ത് നിരവധി കുട്ടികളുടെ മുന്നിലാണ് ക്രൂരമായ സംഭവമുണ്ടായത്. അതാണ് മരണത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മനുഷ്യത്വരഹിതമായ പീഡനത്തിനാണ് സിദ്ധാര്‍ത്ഥന്‍ ഇരയായത്. ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥരും നടപടി നേരിടണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.