തിരുവനന്തപുരം: ഒഴിവ് വരുന്ന രാജ്യസഭ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിൽ കലാപക്കൊടി. സീറ്റിനായി കേരള കോൺഗ്രസ് നീക്കം തുടങ്ങിയതോടെ വീണ്ടും അവകാശവാദമുന്നയിക്കാൻ സിപിഐയും തീരുമാനിച്ചു. സീറ്റ് വിട്ടുനൽകില്ല എന്ന ഉറച്ച നിലപാടിലാണ് സിപിഐ. സീറ്റിനായി ഇടതു മുന്നണിയിൽ സമ്മർദ്ദം ശക്തമാക്കുവാൻ കേരള കോൺഗ്രസ് എം കോട്ടയത്ത് വിവിധ യോഗങ്ങൾ ചേരുകയാണ്. ഇതിനിടയിലാണ് സിപിഐയും നിലപാട് കടുപ്പിക്കുന്നത്.
മൂന്ന് രാജ്യസഭ സീറ്റിന്‍റെ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. ബിനോയ് വിശ്വം, ജോസ് കെ. മാണി, എളമരം കരീം എന്നിവരുടെ രാജ്യസഭ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. ഇതിൽ രണ്ട് സീറ്റിലാണ് ഇടത് മുന്നണിക്ക് ജയിക്കുവാൻ കഴിയുക. എന്നാൽ, എളമരം കരീം ഒഴിയുമ്പോൾ ജയിക്കാൻ കഴിയുന്ന ഒരു സീറ്റ് ഏറ്റെടുക്കാനാണ് സിപിഎമ്മിന്‍റെ നീക്കം. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിക്ക് രണ്ട് സീറ്റിലും യുഡിഎഫിന് ഒരു സീറ്റിലും ജയിക്കാൻ കഴിയും. ഇതോടെയാണ് സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിൽ സിപിഐയും കേരള കോൺഗ്രസ് എമ്മും തമ്മിലടി ആരംഭിച്ചത്.