ഖാർ‍ഗെയുടെ ഹെലികോപ്ടർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; എന്‍ഡിഎ നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിക്കാറുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Sunday, May 12, 2024

 

ന്യൂഡല്‍ഹി: കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ‍ഗെയുടെ ഹെലികോപ്ടർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.  ബിഹാറിലെ സമസ്തിപൂരില്‍ ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയപ്പോഴായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ദുരുദ്ദേശ്യപരമാണെന്നും ജനാധിപത്യത്തെ കൊല ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാക്കളെ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നതെന്ന് കോൺ​ഗ്രസ്. “രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ കേരളത്തിൽ പരിശോധിച്ചു , ഇപ്പോൾ, കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയുടെ ഹെലികോപ്റ്റർ സമസ്തിപൂരിൽ പരിശോധിച്ചു. കോൺഗ്രസ് നേതാക്കളെ മാത്രം ഇത്തരത്തിൽ പരിശോധിക്കുന്നത് പതിവാണോ? എൻഡിഎയുടെ ഉന്നത നേതാക്കളുടെ ഹെലികോപ്റ്ററുകളിലും പരിശോധന നടത്തുന്നുണ്ടോ എന്ന് കമ്മീഷൻ വ്യക്തമാക്കണം,” കോൺ​ഗ്രസ് ബിഹാർ വക്താവ് രാജേഷ് റാത്തോഡ് പറഞ്ഞു.

നേരത്തെ രാഹുല്‍ ഗാന്ധിയുടെ വാഹനവും പരിശോധിച്ചിരുന്നു. ഏപ്രിൽ 15-നാണ് രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. വയനാട്ടിലേക്ക് പോവുമ്പോഴായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. പ്രചാരണത്തിനായി രാഹുൽ ഇറങ്ങിയതിന് പിന്നാലെയായിരുന്നു ഹെലികോപ്റ്റർ പരിശോധന നടന്നത്. അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ ആണ് പരിശോധന നടത്തിയതെന്നായിരുന്നു വിശദീകരണം.