മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് വീണ്ടും പടരുന്നു; ഒരു മരണം കൂടി, ആശങ്കയില്‍ ജനങ്ങള്‍

Jaihind Webdesk
Sunday, May 12, 2024

 

മലപ്പുറം: മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് വീണ്ടും പടരുന്നു. മഞ്ഞപിത്തം ബാധിച്ച് ഇന്ന് ഒരു മരണം കൂടി. അഞ്ച് മാസത്തിനിടെ 7 പേരാണ് മരിച്ചത്.

പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്.  മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സക്കീറിന്‍റെ മരണം. ഇതോടെ ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണെന്ന ആശങ്ക പരന്നു. കഴിഞ്ഞ 5 മാസത്തിനിടെ 7 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്.  മൂവായിരത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.

അതേസമയം കഴിഞ്ഞ ദിവസമാണ് ചാലിയാർ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്.  ജനുവരി മുതൽ 3184 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. 1032 പേരിൽ രോഗം സ്ഥിരീകരിച്ചു.  പോത്തുകൽ, പൂക്കോട്ടൂർ, പെരുവള്ളൂർ, മൊറയൂർ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.  മഴ തുടങ്ങിയാൽ രോഗവ്യാപനം കൂടുതൽ വേഗത്തിലാവാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകുന്നത്.