കരമന കൊലപാതകം; മുഖ്യപ്രതി അഖിൽ അപ്പു പിടിയില്‍, മറ്റ് മൂന്ന് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊർജ്ജിതം

Jaihind Webdesk
Sunday, May 12, 2024

 

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളില്‍ ഒരാൾ പിടിയിൽ. അഖിൽ അപ്പു എന്നയാളാണ് പിടിയിലായത്. മറ്റ് മൂന്ന് പേ‍ര്‍ ഒളിവിലാണ്. അതേസമയം ഗൂഢാലോചന നടത്തിയ നാല് പേരെയും പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് സംഘം തിരിഞ്ഞ് അന്വേഷണം തുടരുകയാണ്.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. അഖിലിനെ കൊലപ്പെടുത്താനെത്തിയ ഇനോവ കാർ ഓടിച്ച അനീഷിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം ബാലരാമപുരത്ത് നിന്ന് പിടികൂടിയ ഇയാളെ ഡിസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസമാണ് നാടിനെ നടക്കുന്ന രീതിയിലുള്ള അരും കൊല നടന്നത്. അഖില്‍ ആണ് ഇന്നലെ കൊല്ലപ്പെട്ടത്. വൈകിട്ട് 5.28 ഓടെ കരമന മരുതൂർ കടവിലായിരുന്നു സംഭവം. അതിക്രൂരമായിട്ടാണ് പ്രതികള്‍ അഖിലിനെ കൊലപ്പെടുത്തിയത്. യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ഹോളോ ബ്രിക്സ് നിരവധി തവണ ശരീരത്തേക്ക് ഇടുകയായിരുന്നു.

കഴിഞ്ഞ മാസം 26 ന് രാത്രി പാപ്പനംകോട് ബാറിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ബാറിൽ വഴി അടഞ്ഞു നിന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട അഖിലിന്‍റെ സംഘവും പ്രതികളും തമ്മില്‍ സംഘട്ടനമുണ്ടായിരുന്നു. ഇതിന്‍റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. കാറിലെത്തിയ പ്രതികൾ അഖിലിനെ തലയ്ക്കടിച്ചും കല്ലുകൊണ്ട് ഇടിച്ചുമാണ് കൊലപ്പെടുത്തിയത്. പ്രതികള്‍ അഖിലിനെ ഇന്നോവ കാറിൽ കയറ്റിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിന് ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. തലയോട്ടി പിളര്‍ന്ന നിലയിലാണ് അഖിലിനെ ആശുപത്രിയില്‍ എത്തിച്ചത്. ഹോളോബ്രിക്‌സ് അടക്കം അക്രമികള്‍ കാറില്‍ കരുതിയിരുന്നു. കുട്ടികളടക്കം പരിസരത്തുള്ളപ്പോഴായിരുന്നു പ്രതികള്‍ ക്രൂരകൃത്യം നടത്തിയത്.