ഭരണകക്ഷി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ നടപടിയില്ല, പോളിംഗ് കണക്കുകള്‍ പുറത്തു വിടുന്നില്ല; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഖാർഗെ

Jaihind Webdesk
Saturday, May 11, 2024

 

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.  ഇന്ത്യാ സഖ്യത്തിലെ നേതാക്കൾക്ക് താനെഴുതിയ കത്ത് പരസ്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീതിനു മറുപടിയുമായാണ് ഖാർഗെ രംഗത്തെത്തിയത്. താനെഴുതിയ കത്തുമായി ബന്ധപ്പെട്ട്  തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരാമർശങ്ങൾ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. കമ്മീഷന്‍റെ മറുപടി ഭീഷണിപ്പെടുത്തുന്നതാണെന്ന് ഖാർഗെ ആരോപിച്ചു. താൻ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ ഉരുണ്ട് കളിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത് എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.

ഭരണകക്ഷിയിലെ നേതാക്കൾ നടത്തുന്ന വർഗീയ പരാമർശങ്ങളിൽ അടിയന്തര നടപടിയില്ലാത്തത് അമ്പരിപ്പിക്കുന്നുവെന്നും പോളിംഗ് ശതമാനത്തിന്‍റെ കണക്കുകൾ ഇതുവരെയായും പുറത്ത് വിട്ടിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം പോളിംഗ് ശതമാനം വൈകുന്നതിലെ അസാധാരണത്വം ചൂണ്ടിക്കാട്ടി ഖാർഗെ കഴിഞ്ഞ ദിവസം ഇന്ത്യ മുന്നണി നേതാക്കൾക്ക് കത്ത് നൽകിയിരുന്നു.

‘‘ഭരണഘടന ആധാരമാക്കി സുഗമവും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ കമ്മീഷന് അധികാരമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞതിൽ എനിക്കു സന്തോഷമുണ്ട്. എങ്കിലും, തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന തരത്തിൽ ഭരണകക്ഷി നേതാക്കൾ നടത്തുന്ന സുവ്യക്തമായ വർഗീയ, ജാതീയ പ്രസ്താവനകൾക്കെതിരെ നടപടിയെടുക്കുന്നതിൽ കമ്മീഷൻ കാണിക്കുന്ന അലംഭാവം ദുരൂഹമാണ്.’’ – ഖാർഗെ കുറിച്ചു.