തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. അഖിലിനെ കൊലപ്പെടുത്തിയ സംഘത്തില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവരെ മൂവരെയും പോലീസ് തിരിച്ചറിഞ്ഞു. അച്ചുവെന്ന അഖിൽ, വിനീത്, സുമേഷ് എന്നിവരാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇവരിൽ അഖിൽ, വിനീത്, എന്നിവർ മുമ്പും കൊലക്കേസിൽ പ്രതികളാണ്. കരമന അനന്തു വധക്കേസിലെ പ്രതികളാണിവർ.
പെറ്റ് ഷോപ്പ് നടത്തിവരികയായിരുന്നു അഖിൽ. ഒരാഴ്ച മുമ്പ് ബാറിലുണ്ടായ തർക്കമാണ് കൊലപാതത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞയാഴ്ച ബാറില്‍വെച്ച് അഖിലും കുറച്ചാളുകളുമായി തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. ലഹരി റാക്കറ്റുമായി ബന്ധമുള്ളവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കാറിലെത്തിയ പ്രതികൾ കരമന സ്വദേശി അഖിലിനെ തലയ്ക്കടിച്ചും കല്ലുകൊണ്ട് ഇടിച്ചുമാണ് കൊലപ്പെടുത്തിയത്. പ്രതികള്‍ അഖിലിനെ ഇന്നോവ കാറിൽ കയറ്റിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിന് ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കാറിലെത്തിയ സംഘം കമ്പിവടി കൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ട് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. തലയോട്ടി പിളര്‍ന്ന നിലയിലാണ് അഖിലിനെ ആശുപത്രിയില്‍ എത്തിച്ചത്. ഹോളോബ്രിക്സ് അടക്കം അക്രമികള്‍ കാറില്‍ കരുതിയിരുന്നു. മുന്‍കൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയ കൊലപാതകമാണെന്ന് പോലീസ് പറയുന്നത്. കുട്ടികളടക്കം സ്ഥലത്തുള്ളപ്പോഴായിരുന്നു പ്രതികള്‍ ക്രൂരകൃത്യം നടത്തിയത്.