തിരുവനന്തപുരം: മേയർ-ഡ്രൈവർ തർക്കത്തില്‍ കെഎസ്ആർടിസി ജീവനക്കാരെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കെഎസ്ആർടിസി ബസിലെ സിസി ടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണ് കണ്ടക്ടർ സുബിനെയും
സ്റ്റേഷൻ മാസ്റ്റർ ലാല്‍ സജീവിനെയും രാവിലെ മുതൽ പോലീസ് ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തത്. സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലായിരുന്നു ഇവരെ ചോദ്യം ചെയ്തത്.
വൈകുന്നേരത്തോടെ ഡ്രൈവർ യദുവിനെയും പോലീസ് ഇവിടേക്ക് കൊണ്ടുവന്ന് ഇവർക്കൊപ്പം ചോദ്യം ചെയ്തു. സന്ധ്യയോടെ മൂന്നുപേരെയും പോലീസ് വിട്ടയച്ചു. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യം ഉള്ളതിനാൽ വീണ്ടും ഇവരെ ചോദ്യം ചെയ്യും. മൊഴികൾ പരിശോധിച്ച ശേഷം അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ബസിലെ സിസി ടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടക്ടർ സുബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പോലീസ് പറയുന്നു. മെമ്മറി കാര്‍ഡ് നഷ്ടമായതിൽ തനിക്ക് അറിവില്ലെന്ന് ഡ്രൈവർ യദു പോലീസിനോട് വ്യക്തമാക്കി.
അതേസമയം ഡ്രൈവർ യദുവിന്റെ പരാതിയില്‍ മേയർ ആര്യാ രാജേന്ദ്രന്, ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ് ഉള്‍പ്പെടെ അഞ്ചുപേരെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് ഡ്രൈവർ യദു കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.