ന്യൂഡല്‍ഹി: വോട്ടിംഗ് ശതമാനം പ്രസിദ്ധപ്പെടുത്തുന്നതിലെ കാലതാമസവും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളില്‍ നടപടിയില്ലാത്തതും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ത്യ സഖ്യത്തിന്റെ പരാതി. ഭരണപക്ഷ പാർട്ടിയുടെ ഗുരുതരമായ തിരഞ്ഞെടുപ്പ് നിയമലംഘനങ്ങളില്‍ പോലും നടപടിയുണ്ടാകുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. പാർലമെന്റ്, നിയമസഭ മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ മാത്രമല്ല, ഓരോ പോളിംഗ് സ്റ്റേഷനിലേയും വിശദമായ കണക്കുകളും ലഭ്യമാക്കേണ്ടതുണ്ടെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങള്‍ക്കാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ഭരണകക്ഷിയിലുള്ളവർ ചെയ്ത തിരഞ്ഞെടുപ്പ് നിയമലംഘനങ്ങളുടെ രേഖാമൂലമുള്ള തെളിവുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ചിട്ടും ഇതില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രതയും സുതാര്യതയും ഉറപ്പാക്കണമെന്നും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു.
രണ്ടു സുപ്രധാന വിഷയങ്ങളിലാണ് ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടത്. വോട്ടിംഗ് ശതമാനം പ്രസിദ്ധപ്പെടുത്തുന്നതിലെ കാലതാമസവും കണക്കിലെ അന്തരവും ഒന്നാമത്തെ വിഷയമായി ഉന്നയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നിരന്തരമായ വിദ്വേഷപ്രസംഗങ്ങളില്‍ നടപടി ഉണ്ടാകാത്താതും ഇന്ത്യ സഖ്യം കമ്മീഷന് മുമ്പാകെ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നടത്തിയ വിദ്വേഷപ്രസംഗങ്ങളുടെ തീയതിയും വേദിയും സഹിതമാണ് പരാതി നല്‍കിയത്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ സഖ്യം നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.