തിരുവനന്തപുരം: ജസ്ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഉത്തരവിട്ടത്. ജസ്നയുടെ പിതാവ് നല്‍കിയ ഹർജിയിലാണ് നടപടി. പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ജസ്‌ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥാപിക്കുന്ന ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു സി.ബി.ഐയുടെ വാദം. അതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ തന്‍റെ കൈവശം തെളിവുകളുണ്ടെന്നും സി.ബി.ഐ കേസ് നേരെ അന്വേഷിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിച്ച് പിതാവ് ജയിംസ് തടസ്സഹർജി സമർപ്പിക്കുകയായിരുന്നു. തെളിവുകള്‍ ലഭിച്ചാല്‍ തുടരന്വേഷണത്തിന് തയാറാകാം എന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്. 2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്ന മരിയ ജയിംസിനെ എരുമേലിയില്‍നിന്ന് കാണാതായത്.