തിരുവനന്തപുരം: ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്നയുടെ അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയാണ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കുന്നത്. സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും രേഖകളും കഴിഞ്ഞ ദിവസം ജയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് നേരത്തെ സിബിഐ അന്വേഷണ പരിധിയില്‍ വന്നിരുന്നതാണോ എന്ന് കോടതി പരിശോധിക്കും. ഇതിനായി കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവ ഒത്തുനോക്കിയാവും കോടതി തീരുമാനം എടുക്കുക.
ജസ്‌ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥാപിക്കുന്ന ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സിബിഐയുടെ വാദം. അതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജസ്‌ന എല്ലാ വ്യാഴാഴ്ചകളിലും ഒരു സ്ഥലത്ത് പ്രാർത്ഥിക്കാൻ പോകാറുണ്ടായിരുന്നെന്നും ജയിംസ് കോടതിയിൽ പറഞ്ഞു. തെളിവുകൾ നൽകിയാൽ തുടരന്വേഷണമാകാം എന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.
2018 മാര്‍ച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടില്‍ നിന്ന് ജസ്ന മരിയ ജയിംസ് എന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി യാത്ര പുറപ്പെട്ടത്. കാഞ്ഞിരപ്പള്ളി പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്നാണ് ജസ്ന പോയപ്പോൾ പറഞ്ഞിരുന്നത് ഈ സമയം വീട്ടില്‍ പിതാവ് ജയിംസും സഹോദരങ്ങളും ഉണ്ടായിരുന്നില്ല. പരീക്ഷയ്ക്ക് മുമ്പായുള്ള സ്റ്റഡി ലീവിനാണ് ജസ്ന കൊല്ലമുളയിലെ കുന്നത്ത് വീട്ടിലേക്ക് എത്തിയത്. മാര്‍ച്ച് 22 ന് പുലര്‍ച്ചെ വീടിന്‍റെ ഉമ്മറത്തിരുന്ന് ജസ്ന പഠിക്കുന്നത് കണ്ടവരുമുണ്ടായിരുന്നു.