മുംബൈ: സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന് അന്തരിച്ചു. 65 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹിന്ദിയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണയം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. 1990-ല്‍ ഇറങ്ങിയ വ്യൂഹമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പ്രമുഖ ഛായഗ്രാഹകന്‍ സന്തോഷ് ശിവനും സംവിധായകന് സഞ്ജീവ് ശിവനും സഹോദരങ്ങളാണ്.
1997 ൽ സണ്ണി ഡിയോൾ നായകനായ ‘സോർ’ എന്ന സിനിമയിലൂടെയാണ് ബോളിവുഡിലെ അരങ്ങേറ്റം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിൽ ഇഡിയറ്റ്സ്, ഇ എന്ന ചിത്രങ്ങളിൽ നിർമ്മതാവുമായി.
പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്റെ മകനായി 1959-ല്‍ ജനനം. പിതാവിനൊപ്പം ഡോക്യുമെന്ററികളുടെ ഭാഗമായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശം. എംജി കോളേജ്, മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കി.