ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്വാധീനമുള്ള മേഖലകളില്‍ പോലും ഇത്തവണ ഇന്ത്യ സഖ്യം മുന്നേറ്റമുണ്ടാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിടുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വരുത്തുന്ന കാലതാമസം ഗൗരവകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരാജയഭീതി പൂണ്ട നരേന്ദ്ര മോദി കടുത്ത വർഗീയപ്രചാരണം അഴിച്ചുവിട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ പോളിംഗ് ശതമാനത്തിലെ കണക്കുകളില്‍ വലിയ വ്യത്യാസമാണുള്ളത്. സ്വതന്ത്രവും നീതിപൂർണവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചോദ്യം ചെയ്യപ്പെടുന്ന ഘടകങ്ങളാണിത്. ഇന്ത്യ സഖ്യ നേതാക്കള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ സമയം തേടിയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. മോദിയുടെ വർഗീയപ്രചാരണങ്ങളൊന്നും ഫലിക്കുന്നില്ലെന്നും ഇന്ത്യ മുന്നണിക്ക് അനുകൂലമായാണ് ജനം ചിന്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.