തിരുവനന്തപുരം: നാലായിരത്തോളം എം പാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചു വിട്ടത് കെ.എസ്.ആര്.ടി.സിയെ പ്രതിസന്ധിയിലാക്കി. കൂട്ടത്തോടെ സര്‍വ്വീസുകള്‍ റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. ഇതുവരെ 20 ശതമാനം സര്‍വ്വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സ്ഥിര ജീവനക്കാര്‍ക്ക് അധിക ഡ്യൂട്ടി സമയം നല്‍കും. ലൈസന്‍സുള്ള മെക്കാനിക്കല്‍ തൊഴിലാളികളെ കണ്ടക്ടര്‍ ഡ്യൂട്ടിക്ക് കയറാനും നിര്‍ദ്ദേശം നല്‍കും. ജീവനക്കാര്‍ക്ക് അവധി അനുവദിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള സത്യവാങ്മൂലം കെഎസ്ആര്‍ടിസി എം.ഡി ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കൂടാതെ പിരിച്ചുവിട്ടതിനെതിരെ താല്‍ക്കാലിക ജീവനക്കാര്‍ നല്കിയ ഹര്‍ജി ഇന്ന് ഡിവിഷന് ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ ദിവസം പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നെങ്കിലും അത് പരിഗണിക്കാന്‍ ഹൈക്കോടതി തയ്യാറായിരുന്നില്ല.
പ്രതിസന്ധി അതിരൂക്ഷമാണെന്നും കെ.എസ്.ആര്.ടി.സിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും ഗതാഗതമന്ത്രി പ്രതികരിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് ഏറ്റവുമധികം കെ,എസ്.ആര്.ടി.സി സര്‍വ്വീസുകള്‍ മുടങ്ങിയത്. എറണാകുളം ജില്ലയില്‍ പകുതിയിലധികം സര്‍വീസുകള്‍ മുടങ്ങി. 46 സര്‍വീസുകളില്‍ 16 എണ്ണമാണ് ഇവിടെ മുടങ്ങിയത്. 16 സിറ്റി സര്‍വീസുകളില്‍ എട്ടെണ്ണവും എറണാകുളത്ത് ഓടിക്കാനായിട്ടില്ല. പെരുമ്പാവൂര്‍ ഡിപ്പോയില്‍ 30 സര്‍വീസുകളില്‍ 15 എണ്ണവും മുടങ്ങി. എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടത് തിരുവനന്തപുരത്തു 20 ശതമാനം സര്‍വീസുകളെ ബാധിച്ചു. പാപ്പനംകോട് ഡിപ്പോയില്‍ 12 സര്‍വീസും ആര്യനാട്ട് 10 സര്‍വ്വീസും മുടങ്ങി. ആര്യനാട്ട് ആകെ 30 സര്‍വീസാണുള്ളത്. മലബാര്‍ മേഖലയില്‍ 79 സര്‍വ്വീസുകള്‍ മുടങ്ങി. വയനാട്ടിലെ ഗ്രാമീണ സര്‍വിസുകള്‍ താളം തെറ്റി.