‘നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി പോരാടേണ്ടത് കോണ്‍ഗ്രസിന്‍റെ കടമ; പ്രതികളെയെല്ലാം നിയമത്തിനു മുന്നിലെത്തിക്കണം’; കർണാടക മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

Jaihind Webdesk
Saturday, May 4, 2024

 

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസിലെ പ്രതികള്‍ക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രാഹുൽ ഗാന്ധിയുടെ കത്ത്. ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണ പ്രതിയായ അശ്ലീല വീഡിയോ കേസിലെ ഇരകൾക്ക് ധാർമ്മിക പിന്തുണ ഉറപ്പാക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും നീതിക്കായി പോരാടാൻ കോൺഗ്രസ് പാർട്ടിക്ക് ധാർമ്മികമായ കടമയുണ്ടെന്ന് പറഞ്ഞ രാഹുല്‍ കർണാടക സർക്കാർ കേസില്‍ സ്വീകരിച്ച നടപടികളെയും കത്തില്‍ അഭിനന്ദിച്ചു.

“നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അവർ നമ്മുടെ അനുകമ്പയും ഐക്യദാർഢ്യവും അർഹിക്കുന്നു. ഈ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്” – രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി. പ്രജ്വല്‍ രേവണ്ണയുടെ പൂർവചരിത്രം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അറിയാമായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീകളെ ക്രൂരമായി ഉപദ്രവിച്ച പ്രജ്വലിനായാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത്. പിന്നീട് ഇന്ത്യയില്‍ നിന്ന് പലായനം ചെയ്യാന്‍ പ്രജ്വലിന് ബോധപൂർവം അവസരമൊരുക്കിയെന്നും രാഹുല്‍ ഗാന്ധി കത്തില്‍ രൂക്ഷ വിമർശനം ഉന്നയിച്ചു. രാഹുല്‍ ഗാന്ധിയുടെ കത്ത് ലഭിച്ചതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. അന്വേഷണം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

മൂവായിരത്തിലധികം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയാണ് പ്രജ്വല്‍ രേവണ്ണയ്ക്ക് എതിരെ ഉയർന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ഭീഷണിപ്പെടുത്തി വീണ്ടും ഉപദ്രവിക്കുകയുമായിരുന്നു. പ്രജ്വലിന്‍റെ പിതാവ് എച്ച്.ഡി. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിലെടുത്തു. പീഡനത്തിനിരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന കേസുമായി ബന്ധപ്പെട്ടാണ് എച്ച്.ഡി. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രേവണ്ണയുടെ മുന്‍കൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.