തട്ടിക്കൊണ്ടുപോകല്‍ കേസ്; എച്ച്.ഡി. രേവണ്ണയെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം | VIDEO

Jaihind Webdesk
Saturday, May 4, 2024

 

ബംഗളുരു: അശ്ലീല വീഡിയോ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും ജെഡിഎസ് എംഎൽഎയുമായ എച്ച്.ഡി. രേവണ്ണയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോകൽ കേസിൽ ഇടക്കാല ജാമ്യം നിഷേധിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് എച്ച്.ഡി. രേവണ്ണയെ പോലീസ് കസ്റ്റഡിയിലെടുത്തത്. രേവണ്ണയെ പ്രത്യേക അന്വേഷണസംഘത്തിന്‍റെ ഓഫീസിലേക്ക് കൊണ്ടുപോയി.

അശ്ലീല വീഡിയോ കേസില്‍ എച്ച്.ഡി. രേവണ്ണയ്ക്കും മകനും എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കുമെതിരെ പ്രത്യേക അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയാണ് രണ്ടാമത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച വിവരം അറിയിച്ചത്. എച്ച്.ഡി. രേവണ്ണ വിദേശത്തേക്ക് പോകാന്‍ സാധ്യതയുള്ളതിനാല്‍ ആദ്യം ഒരു ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ രണ്ടാമത്തെ നോട്ടീസ് നല്‍കി. നോട്ടീസുകള്‍ക്ക് മറുപടി നല്‍കാനുള്ള സമയം ഇന്ന് വൈകിട്ട് അവസാനിച്ചിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി ഹോളനരസിപുരയിലെ രേവണ്ണയുടെ വസതിയിൽ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തി. റെയ്ഡിനിടെ ജെഡിഎസ് പ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയുണ്ടായിരുന്നു. ഹാസന്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമാണ് പ്രജ്വല്‍ രേവണ്ണ. മൂവായിരത്തിലേറെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികാരോപണ പരാതിക്ക് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും.