ഗവർണർ സി.വി. ആനന്ദബോസിനെതിരായ പീഡനപരാതി; രാജ്ഭവനിലെ 4 ജീവനക്കാർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Jaihind Webdesk
Saturday, May 4, 2024

 

കൊൽക്കത്ത: പശ്ചിമബം​ഗാൾ ​ഗവർണർ സി.വി. ആനന്ദബോസിനെതിരായ ലൈം​ഗിക പരാതിയില്‍ രാജ്ഭവനിലെ 4 ജീവനക്കാർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ഗവർണർക്കെതിരായ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസ് നൽകിയത്. ഇന്നുതന്നെ ഹരേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്താനാണ്നിർദേശം നല്‍കിയിരിക്കുന്നത്.

തനിക്കെതിരായ ലൈംഗിക ആരോപണം നിഷേധിച്ച് ഗവർണർ സി.വി. ആനന്ദ ബോസ് നേരത്തെ രം​ഗത്തെത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് ഗവർണർക്കെതിരെ ആരോപണം ഉന്നയിച്ചത്. രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായ ഒരു സ്ത്രീയോട് സി.വി. ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംസ്ഥാന ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, സാഗരിക ഘോഷ് എംപി തുടങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് ആരോപണം ഉന്നയിച്ചത്.

രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായ സ്ത്രീയെ രണ്ടു തവണ ഓഫീസില്‍ വെച്ച് പീഡിപ്പിച്ചു എന്ന് പരാതിയില്‍ പറയുന്നു. വിഷയത്തില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു. അതേസമയം ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കുമെന്നും സി.വി. ആനന്ദബോസ് പ്രതികരിച്ചു.