പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരെ പീഡന പരാതി; നിയമോപദേശം തേടി പോലീസ്

Jaihind Webdesk
Friday, May 3, 2024

കൊൽക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരെ ലൈംഗിക പീഡന പരാതി. തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് ആരോപണം ഉന്നയിച്ചത്. അതേസമയം ആരോപണം ഗവർണർ നിഷേധിച്ചു. സ്ത്രീ പോലീസിൽ പരാതി നല്‍കിയെന്ന് ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, സാഗരിക ഘോഷ് എംപി തുടങ്ങിയ നേതാക്കൾ പറഞ്ഞു. വിഷയത്തില്‍ പോലീസ് നിയമോപദേശം തേടി.

രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായ ഒരു സ്ത്രീയോട് ഗവര്‍ണര്‍ സി.വി. ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ആരോപണം. രണ്ടു തവണ ഓഫീസില്‍ വെച്ച് പീഡിപ്പിച്ചു എന്ന് പരാതിയില്‍ പറയുന്നു. വിഷയത്തില്‍ നിയമോപദേശം തേടിയ പോലീസ്, ഗവര്‍ണര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. അതേസമയം ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കുമെന്നും സി.വി. ആനന്ദബോസ് പ്രതികരിച്ചു. ഇന്ന് പ്രധാനമന്ത്രി ബംഗാളില്‍ വരാനിരിക്കെയാണ് ഗവര്‍ണര്‍ക്കെതിരായ പീഡന ആരോപണം പുറത്തുവരുന്നത്.