തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും നടുറോഡിൽ തടഞ്ഞ കെഎസ്ആർടിസി ബസിലെ സിസി ടിവി മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ അന്വേഷണം ഇഴയുന്നു. ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. ബസിലെ കണ്ടക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തും. സംഭവം നടന്നയുടൻ ഇയാൾ എ.എ. റഹിം എംപിയെ വിളിച്ചിരുന്നതായി കഴിഞ്ഞദിവസം എംപി തന്നെ സ്ഥിരീകരിച്ചിരുന്നു. തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിലെ സിസി ടിവികൾ പോലീസ് പരിശോധിക്കുകയാണ്. ഇവിടെ ഈ സമയമുണ്ടായിരുന്ന കൂടുതൽ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. കേസിൽ അടിമുടി ദുരൂഹത തുടരുകയാണ്.
ഏപ്രിൽ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി പത്തരയോടെ പാളയത്തുവെച്ച് മേയറും സംഘവും ബസ് തടയുകയും ബസ് ഡ്രൈവർ യദുവുമായി വാക്കേറ്റമുണ്ടാകുകയും ചെയ്യുകയായിരുന്നു. സംഭവത്തിലെ നിർണായക തെളിവായ ബസിനുള്ളിലെ സിസി ടിവി ക്യാമറയുടെ മെമ്മറി കാർഡ് നഷ്ടമാവുകയായിരുന്നു. ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് എത്തുന്നതിനു തൊട്ടു മുമ്പാണ് ഇത് നഷ്ടമായതെന്നാണ് സൂചന. തമ്പാനൂർ ഡിപ്പോയിലെ 4 ബസുകളിലാണ് ക്യാമറ ഉള്ളത്. ബാക്കി 3 ബസുകളിലും മെമ്മറി കാർഡ് ഉണ്ട്. ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്.
ബസിലെ സിസിടിവി ക്യാമറ പരിശോധിക്കണമെന്നും ആ തെളിവുകൾ ഇല്ലായ്മ ചെയ്യാൻ സാധ്യതയുണ്ടെന്നും സംഭവം നടന്ന ദിവസം മുതൽ ഡ്രൈവർ യദു പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം മുതല്‍ തന്നെ മേയറെ സംരക്ഷിക്കുന്ന നിലപാടെടുത്ത പോലീസ് ബസിലെ മെമ്മറി കാർഡ് പരിശോധിക്കാന്‍ തീരുമാനിച്ചത് ഏപ്രില്‍ 30ന് ആണ്. സിസിടിവി പരിശോധിക്കാൻ സൗകര്യമൊരുക്കണമെന്ന് കന്‍റോൺമെന്‍റ് പൊലീസ് കെഎസ്ആർടിസി ഡിപ്പോ അധികൃതരോട് ഔദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും അന്നു ബസ് തൃശൂരിലേക്കു സർവീസിനു പുറപ്പെട്ടിരുന്നു. മേയ് ഒന്നിന് മെമ്മറി കാർഡ് പരിശോധിക്കാൻ ചീഫ് ഓഫീസിലെ ടെക്നിക്കൽ വിഭാഗം അനുമതി നൽകി. തുടർന്ന് നടത്തിയ പരിശോധിച്ചപ്പോഴാണ് മെമ്മറി കാർഡ് നഷ്ടമായെന്നു മനസിലായത്. യദുവിന്‍റെ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ തയാറാകാത്തതും വിവാദമായി. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ജോലി തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്‍റോൺമെന്‍റ് എസ്എച്ച്ഒയ്ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു.
ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടറുടെ പരാതി പ്രകാരം മെമ്മറി കാർഡ് നഷ്ടമായത് ഒന്നിനു പുലർച്ചെ ഒന്നിനും രാവിലെ 10നും ഇടയിൽ ബസ് തമ്പാനൂർ ഡിപ്പോയിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന സമയമാണ്. മേയറും സംഘവും ബസ് തടഞ്ഞ ഏപ്രിൽ 27 ന് പുറപ്പെടുമ്പോൾ മുതൽ ബസിലെ ഡിസ്പ്ലേയിൽ ക്യാമറാ ദൃശ്യങ്ങൾ കണ്ടിരുന്നുവെന്നും അതിൽ റെക്കോർഡിംഗ് നടക്കുന്നതിന്‍റെ അടയാളം കാണിച്ചിരുന്നെന്നും ഡ്രൈവർ യദു വെളിപ്പെടുത്തിയിരുന്നു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനു യദു പരാതി നൽകിയിട്ടുണ്ട്. സംഭവം വിശദമായി അന്വേഷിക്കണമെന്നും ജോലിയിൽ നിന്നു മാറ്റിനിർത്തരുതെന്നും ആവശ്യപ്പെട്ട് മന്ത്രിയെ കാണുകയും ചെയ്തു. മെമ്മറി കാർഡ് കാണാതായത് അന്വേഷിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞെങ്കിലും മെല്ലെപ്പോക്ക് തുടരുകയാണ്.