തിരുവനന്തപുരം: മേയർ വിവാദത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി. മേയർ ആര്യാ രാജേന്ദ്രന്റെ ഭർത്താവ് സച്ചിന് ദേവ് എംഎല്‍എ ബസില്‍ കയറിയിരുന്നതായി റഹീം സ്ഥിരീകരിച്ചു. കെഎസ്ആർടിസി ഡ്രൈവർ യദു പറഞ്ഞതിനെ ശരിവെക്കുന്ന വെളിപ്പെടുത്തലാണ് എ.എ. റഹീം നടത്തിയിരിക്കുന്നത്. ബസിലെ കണ്ടക്ടറുമായി എ.എ. റഹീമിന് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് റഹീം മാധ്യമങ്ങളെ കണ്ടത്. കണ്ടക്ടർ തന്നെ വിളിച്ചിരുന്നുവെന്ന കാര്യവും റഹീം സമ്മതിച്ചു.
ബസ് തടഞ്ഞിട്ട് സച്ചിൻ ദേവ് എംഎൽഎ അസഭ്യം പറഞ്ഞെന്നും മേയർ ആര്യ രാജേന്ദ്രനും മോശമായി പെരുമാറിയെന്നുമാണ് കെഎസ്ആർടിസി ഡ്രൈവർ യദു പറയുന്നത്. സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തിയതായും യദു പറഞ്ഞിരുന്നു.
അതേസമയം കെഎസ്ആർടിസി ബസിലെ സിസി ടിവി മെമ്മറി കാർഡ് നഷ്ടമായതില്‍ ശക്തമായ ദുരൂഹത നിലനില്‍ക്കുകയാണ്. മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ തയാറാകാത്തതും മേയറെ സംരക്ഷിക്കുന്ന നിലപാടുകളും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനു പിന്നാലെ മേയർ ആര്യാ രാജേന്ദ്രനെതിരായ കെഎസ്ആർടിസിഡ്രൈവർ യദുവിന്റെ പരാതി പോലീസ് പുനഃപരിശോധിക്കുകയാണ്. ഡ്രൈവറെ പോലീസിൽ ഏൽപ്പിച്ച മേയറുടെ നടപടി നിയമപരമോ എന്നതാണ് പരിശോധിക്കുന്നത്. സംഭവത്തിൽ കന്റോൺമെന്റ് എസിപിയോട് ഡിസിപി റിപ്പോർട്ട് തേടി. യദുവിന്റെ ആദ്യ പരാതിയിൽ
കേസെടുക്കാതിരുന്നത് വിവാദമായിരുന്നു.