ന്യൂഡല്‍ഹി: ലോക തൊഴിലാളി ദിനത്തിൽ പ്രകടന പത്രികയില്‍ തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്ന ‘ശ്രമിക് ന്യായ്’ ഉറപ്പുകള്‍ ഓർമ്മിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. തൊഴിലാളികൾക്ക് പ്രതിദിനം 400 രൂപ മിനിമം വേതനം ഉറപ്പാക്കും. മോദിയുടെ ഭരണകാലം തൊഴിലാളികള്‍ക്ക് അനീതിയുടെ കാലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് നാനൂറിലധികം സീറ്റുകൾ ലഭിക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെ ജയ്റാം രമേശ് പരിഹസിച്ചു. 400 സീറ്റെന്ന ബിജെപിയുടെ അവകാശവാദമല്ല, തൊഴിലാളികള്‍ക്ക് 400 രൂപ മിനിമം വേതനമെന്ന കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനമാണ് യാഥാർത്ഥ്യബോധത്തോടെയുള്ളത്. മോദി ഭരണത്തിലെ 10 വർഷങ്ങള്‍ തൊഴിലാളി സമൂഹത്തിന് അനീതിയുടെ കാലമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ തൊഴിലുറപ്പ് നിയമം കൊണ്ടുവരുന്ന നഗര തൊഴിലുറപ്പ് എന്ന വാഗ്ദാനവും, അസംഘടിത തൊഴിലാളികൾക്ക് ലൈഫ് ഇൻഷുറൻസ്, അപകട ഇൻഷുറൻസ് എന്നിവയും കോൺഗ്രസ് തൊഴിലാളി സമൂഹത്തിനുവേണ്ടി നൽകുമെന്നും ജയ്റാം രമേശ് പറഞ്ഞു. 25 ലക്ഷം രൂപ വരെയുള്ള സമഗ്ര ഇന്‍ഷുറന്‍സ് കവറേജാണ് വിഭാവനം ചെയ്യുന്നത്. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.