കൊല്ലം: ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് കൊല്ലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻ.കെ. പ്രേമചന്ദ്രൻ. എസ്എൻസി ലാവലിൻ സ്വർണക്കള്ളക്കടത്ത്, ജയരാജന്റെ വിവാദ റിസോർട്ട് കേസ് എന്നിവയിൽ സംരക്ഷണത്തിനു വേണ്ടിയാണ് കൂടിക്കാഴ്ചയെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു. സിപിഎം കൊല്ലത്ത് പൂർണമായും വർഗീയ പ്രചരണം അഴിച്ചുവിട്ടും സ്ഥാനാർത്ഥിയുടെ സമുദായം ചൂണ്ടിക്കാട്ടി സമുദായ നേതാക്കളെ കണ്ടും വോട്ട് തേടിയതായി പ്രേമചന്ദ്രൻ ആരോപിച്ചു.
അതേസമയം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കേരളത്തിൽ സ്വകാര്യ സന്ദർശനം നടത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ വിളിച്ചുവരുത്തി ഉച്ചയൂണ് നൽകിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗഡ്കരിയും കുടുംബവും തീർത്തും സ്വകാര്യ സന്ദർശനത്തിനാണ് കോവളത്തും കന്യാകുമാരിയിലും എത്തിയത്. എന്നാല്‍ ഇതറിഞ്ഞ പിണറായി ഗഡ്കരിയെ ക്ലിഫ് ഹൗസിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തികള്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗത്തിനു യോജിച്ചതാണോയെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗഡ്കരിയെ സൽക്കരിച്ച പിണറായിക്ക് എങ്ങനെയാണ് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ കുറ്റം പറയാനാവുകയെന്ന് അദ്ദേഹം പറഞ്ഞു.
ഇ.പി. ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് പിണറായി വിജയന്റെ നിർദേശ പ്രകാരമാണെന്ന് എന്‍.കെ. പ്രേമചന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയായിരുന്നു കൂടിക്കാഴ്ചയെന്നും ജയരാജനെ ആദ്യം തള്ളിപ്പറഞ്ഞ പിണറായി പിന്നീട് ന്യായീകരിച്ചത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.