ഉത്തരക്കടലാസില്‍ ‘ജയ് ശ്രീറാം’ എഴുതി, വിജയിപ്പിച്ച് അധ്യാപകർ; സംഭവം ഉത്തർപ്രദേശില്‍, വിവാദമായതോടെ നടപടി

Jaihind Webdesk
Saturday, April 27, 2024

 

ലക്‌നൗ: ഉത്തരക്കടലാസില്‍ ‘ജയ് ശ്രീറാം’ എന്ന് മാത്രം എഴുതിയ വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ച അധ്യാപകർക്ക്  സസ്പെന്‍ഷന്‍. ഉത്തർപ്രദേശിലെ ജോന്‍പൂരില്‍ വീര്‍ ബഹാദൂര്‍ സിംഗ് പൂര്‍വാഞ്ചല്‍ സര്‍വകലാശാലയിലാണ് സംഭവം. ‘ജയ് ശ്രീറാം’എന്ന് ഉത്തരക്കടലാസില്‍ എഴുതിയ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് വിജയിപ്പിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാർത്ഥി നേതാക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവർണർക്കും കത്തയച്ചു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ രണ്ട് പ്രൊഫസർമാരെ സസ്പെന്‍ഡ് ചെയ്തു. വിവരാവകാശത്തിലൂടെയാണ് ക്രമക്കേടുകള്‍ പുറത്തറിഞ്ഞത്.

വിജയിപ്പിക്കാമെന്ന് പറഞ്ഞ് വിദ്യാർത്ഥികളുടെ പക്കല്‍ നിന്ന് അധ്യാപകർ പണം വാങ്ങിയതായും ആരോപണമുണ്ട്. മതപരമായ മുദ്രാവാക്യങ്ങള്‍ മാത്രം എഴുതിയ ഉത്തരക്കടലാസിന് മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങിയത്. യൂണിവേഴ്സിറ്റിയിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പൂജ്യം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളെപ്പോലും 60 ശതമാനത്തിലധികം മാര്‍ക്ക് നല്‍കി വിജയിപ്പിച്ചതായി വിദ്യാര്‍ത്ഥി നേതാവ് ദിവ്യാന്‍ഷു സിംഗ് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍, വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ ആരോപിച്ചു.

സംഭവം വിവാദമായതോടെ നടപടി സ്വീകരിക്കാന്‍ രാജ്ഭവന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിർദ്ദേശം നല്‍കി. പരിശോധനയില്‍ ജയ് ശ്രീറാം എന്നെഴുതിയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും  അതേസമയം മാർക്കില്ലാത്ത വിദ്യാർത്ഥികളെ വിജയിപ്പിച്ചതായി കാണാന്‍ കഴിഞ്ഞെന്നും വൈസ് ചാന്‍സിലർ വന്ദന സിംഗ് പറഞ്ഞു. എന്നാല്‍ ജയ് ശ്രീറാം എന്നെഴുതിയ ഉത്തരക്കടലാസിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നു. ജയ് ശ്രീറാം കൂടാതെ ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ പേരുകളും വിദ്യാര്‍ത്ഥികള്‍ എഴുതിയിട്ടുണ്ടായിരുന്നു. വിഷയം പരിശോധിക്കാനായി രൂപീകരിച്ച കമ്മിറ്റി പരീക്ഷയ്ക്ക് നേതൃത്വം വഹിച്ച ഡോ. വിനയ് വര്‍മ, മനീഷ് ഗുപ്ത എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.