തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനര്‍ ഇ.പി. ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അറിയാതെ ഇങ്ങനെ ഒരു കൂടിക്കാഴ്ച നടക്കില്ലെന്നും ഇക്കാര്യത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് എതിരായ ജനവികാരമാണ് അലയടിച്ചത്. യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം-ബിജെപി അന്തർധാര ഇപിയുടെ പ്രസ്താവനയോടെ ഇന്നലെ പുറത്തുവന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതൽ ഇത്തരത്തിൽ ഒരു അന്തർധാര ഉണ്ട്. കാരണഭൂതനറിയാതെ ഇത്തരത്തിൽ ഒരു കൂടിക്കാഴ്ച ഉണ്ടാകില്ല.
ഇപിക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ ദൂതൻ ആയിട്ടാണ് ജയരാജൻ പ്രവർത്തിക്കുന്നത്. നടപടി എടുത്താൽ ഇപി എല്ലാ കാര്യങ്ങളും തുറന്നു പറയുമെന്നും അത് മുഖ്യമന്ത്രിക്ക് തിരിച്ചടിയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്ത് അട്ടിമറി വന്നാലും തൃശൂരിൽ മുരളീധരൻ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കണ്ണൂരിൽ ഉജ്ജ്വല വിജയം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് വോട്ടെടുപ്പ് വ്യാപകമായി തടസപ്പെടുന്ന സാഹചര്യമുണ്ടായി. യുഡിഎഫിന് അനുകൂലമായ കേന്ദ്രങ്ങളിലാണ് തടസം ഉണ്ടാക്കിയത്. കുറ്റമറ്റ തിരഞ്ഞെടുപ്പ് സംവിധാനം നടത്താൻ കഴിയാതിരുന്നത് ഗൗരവമായി പരിശോധിക്കണം. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.