ആലപ്പുഴ: ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കകറുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഡീലിന്‍റെ ഭാഗമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.സി. വേണുഗോപാല്‍. ബിജെപി നേതാക്കൾ ഇ.പി. ജയരാജനെ കണ്ടത് ഡീലിന്‍റെ ഭാഗമായാണ്. ജാഗ്രതക്കുറവ് എന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ പറ്റിക്കാൻ വേണ്ടി ആണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ജാവദേക്കറുമായി ചർച്ച നടത്തിയെന്ന് ഇ.പി. ജയരാജന്‍ സമ്മതിച്ചത് ഞെട്ടിക്കുന്നതാണ്. കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവും എല്‍ഡിഎഫ് കൺവീനറും കൂടിക്കാഴ്ച നടത്തിയത് തിരുവനന്തപുരത്തെ ഫ്ലാറ്റിലാണ്. മുഖ്യമന്ത്രിയോ സ്‌പെഷ്യൽ ബ്രാഞ്ചോ അറിയാതെ കൂടിക്കാഴ്ച നടക്കില്ല. മുഖ്യമന്ത്രി സ്വയം തടി രക്ഷപെടുത്താൻ വേണ്ടി ജയരാജനെ ബലിയാട് ആക്കുന്നു. പിണറായിക്ക് വേണ്ടി ഇ.പി. ജയരാജന്‍ നടത്തിയ ചർച്ചയാണ് ഈ തിരഞ്ഞെടുപ്പിൽ സിപിഎം നേരിടുന്ന വെല്ലുവിളി. കോണ്‍ഗ്രസിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ സിപിഎം ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നുണ്ടെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേർത്തു.