കൊല്ലം: കൊല്ലത്ത് സിപിഎമ്മിൽ പീഡന വിവാദം. പീഡനത്തെ തുടർന്ന് പരാതിക്കാരിയായ കൊല്ലം ഏരൂർ പഞ്ചായത്തിലെ സിപിഎം വനിത അംഗം രാജിവെച്ചു. സിപിഎം ഏരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആർ. രാജീവിനെതിരെയാണ് പരാതി. തുടർച്ചയായി പരാതി നൽകിയിട്ടും സിപിഎം നേതൃത്വം അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. സിപിഎം നേതാവിന്റെ നിരന്തര ശല്യം മൂലം പഞ്ചായത്ത് അംഗം ഗൾഫ് രാഷ്ട്രത്തിൽ അഭയം തേടിയിരിക്കുകയാണ്.
സിപിഎം ഏരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആർ. രാജീവിനെതിരെയാണ് ഗുരുതരമായ സ്ത്രീ പീഡന പരാതി ഉയർന്നിരിക്കുന്നത്. ഏരൂർ പഞ്ചായത്തിലെ ആലഞ്ചേരി വാർഡ് മെമ്പർ ആണ് ഗുരുതര പരാതി ഉയർത്തിയത്. പരാതിയുമായി പഞ്ചായത്തംഗം സിപിഎമ്മിന്റെ സമുന്നതരായ നേതാക്കളെ പലകുറി സമീപിച്ചിരുന്നു. ഇതിനിടയിലും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള നിലപാട് രാജീവിന്റെ ഭാഗത്ത് നിന്ന് തുടർന്നതായാണ് പഞ്ചായത്തംഗം പരാതിപ്പെടുന്നത്. രാജീവിന്റെ പാർട്ടി വിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകിയിരുന്നു.
സ്ത്രീ പീഡന പരാതി പലകുറി നൽകിയിട്ടും പാർട്ടിയുടെ ഒരു ഘടകങ്ങളിൽ നിന്നും നീതി ലഭിക്കാതായതോടെയാണ്
പഞ്ചായത്തംഗം കടുത്ത നടപടിയിലേക്ക് നീങ്ങിയത്. പാർട്ടി നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗസ്ഥാനം ഇവർ രാജിവച്ചു. സിപിഎം നേതാവിന്റെ നിരന്തര ശല്യം തുടരുകയും പാർട്ടി നേതൃത്വം അവഗണിക്കുകയും ചെയ്തതോടെ പഞ്ചായത്ത് അംഗം ഗൾഫ് രാഷ്ട്രത്തിൽ അഭയം തേടിയിരിക്കുകയാണിപ്പോൾ.