തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിർണ്ണായക തിരഞ്ഞെടുപ്പില്‍ കേരളം 26-ന് വിധിയെഴുതും. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്കാണ് കേരളം കടക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അവസാന മണിക്കൂറുകളിലെ പ്രചാരണം കൊഴുപ്പിക്കുകയാണ്. കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍.
നാളെ വൈകിട്ട് 6 മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസാനഘട്ട പര്യടനങ്ങൾ നടക്കും. ദേശീയനേതാക്കള്‍ ഉള്‍പ്പെടെയുള്ളവർ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. കേരളത്തിനൊപ്പം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങള്‍ വിധിയെഴുതും.