തൃശ്ശൂർ: തൃശ്ശൂര്‍ പൂരം നടത്തിപ്പിലെ വീഴ്ചയില്‍ കമ്മീഷണറെയും എസിപിയെയും മാറ്റി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍. പോലീസ് ഇടപെടലില്‍ പൂരം അലങ്കോലമായതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടുള്ള അടിയന്തര നടപടി. തൃശ്ശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകിനെ സ്ഥലം മാറ്റും. അങ്കിതിന് പുറമേ, അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാനാണ് നിർദേശം. പരാതികള്‍ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി.
സംഭവത്തില്‍ ദേവസ്വവും പ്രത്രപ്രവര്‍ത്തക യൂണിയനും പരാതി നല്‍കിയിട്ടുണ്ട്. പൂരം കാണാനെത്തിയവരെ പോലീസ് ബാരിക്കേഡ് വെച്ച് തടയുകയും തുടർന്ന് പൂരം നിർത്തിവെക്കുകയുമായിരുന്നു. വെടിക്കെട്ട് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പോലീസ് ആളുകളെ തടഞ്ഞു. ഇതാണ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.