‘ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ സിഎഎ റദ്ദാക്കും; കേരളത്തിലെ 20 സീറ്റും യുഡിഎഫ് തൂത്തുവാരും’: പി. ചിദംബരം

Jaihind Webdesk
Sunday, April 21, 2024

 

തിരുവനന്തപുരം: ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ പൗരത്വഭേദഗതി നിയമം റദ്ദാക്കുമെന്ന് മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ പി. ചിദംബരം. അധികാരത്തിലെത്തി ആദ്യ പാർലമെന്‍റ് സമ്മേളനത്തിൽ തന്നെ ഇതിനുള്ള നടപടികൾ കൈക്കൊള്ളും. മോദി ഭരണത്തിൽ രാജ്യത്തിന്‍റെ സമസ്തമേഖലകളും തകർന്നടിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ദിരാഭനിൽ കെപിസിസിയുടെ മാധ്യമ മുഖാമുഖ പരമ്പരയിൽ സംസാരിക്കുകയായിരുന്നു പി. ചിദംബരം.

സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പിൽ ഒരു കാര്യവുമില്ലെന്ന് പി. ചിദംബരം പറഞ്ഞു. ബിജെപിക്കെതിരെ സർക്കാരുണ്ടാക്കാൻ ആർക്കാണ് കഴിയുക എന്ന് പിണറായി മനസിലാക്കണം. കേവലം ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നതാണ് പിണറായിയുടെ പാർട്ടി. ബിജെപിക്ക് ശക്തമായ എതിരാളിയാവാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. തമിഴ്‌നാട്ടിലെ മുഴുവൻ സീറ്റുകളിലും ഇന്ത്യ സഖ്യം വിജയിക്കുമെന്നും കേരളത്തിൽ ഇരുപത് സീറ്റുകളും യുഡിഎഫ് തൂത്തുവാരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ഭരണത്തിൽ ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും അപകടത്തിലായി. കഴിഞ്ഞ 10 വർഷത്തെ ബിജെപി ഭരണത്തിൽ 32 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. നിരവധിപ്പേരെ ജയിലിലാക്കി. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും ഏറ്റവും രൂക്ഷമാക്കി. ചൈന അതിർത്തിയിൽ കടന്നുകയറിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ 21 തവണ ചർച്ച നടത്തേണ്ടിവന്നത് എന്തിനായിരുന്നുവെന്ന് പി. ചിദംബരം ചോദിച്ചു. അതിർത്തി വിഷയം ഉയരുമ്പോഴെല്ലാം കടന്നുകയറ്റമില്ല എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ കടമെടുത്താണ് ചൈന പ്രതിരോധം തീർക്കുന്നതെന്നും പി. ചിദംബരം ചൂണ്ടിക്കാട്ടി. അഗ്നിവീർ പദ്ധതി യുവാക്കളോടുള്ള ക്രൂരമായ തമാശയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.