കണ്ണൂർ: ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ സിപിഎമ്മും സ്ഥാനാര്‍ത്ഥിയും നുണ ബോംബ് ഇറക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കൊവിഡ് അഴിമതി കെ.കെ. ശൈലജയ്ക്കെതിരെ പ്രതിപക്ഷം ഇനിയും ഉന്നയിക്കും. കൊവിഡ് മരണങ്ങള് മറച്ചുവെച്ച അതേ പിആര്‍ ഏജന്‍സിയാണ് വടകരയിലും നുണ ബോംബ് പൊട്ടിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.കെ. രമയെയും യുഡിഎഫ് വനിതാ നേതാക്കളെയും ഉമ്മന്‍ ചാണ്ടിയുടെ പെണ്മക്കളെയും ആക്ഷേപിച്ചപ്പോള്‍ സ്ത്രീപക്ഷവാദികള്‍ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ക്യാമറ വെച്ച സിപിഎമ്മുകാര്‍ എന്തും ചെയ്യും. എല്‍ഡിഎഫും ബിജെപിയും ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്നും സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് പാനൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറഞ്ഞത്:
കഴിഞ്ഞ ഒരു മാസമായി മോദിക്കും സംഘപരിവാറിനും എതിരെ ഒന്നും പറയാതെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയന് നിരന്തരമായി ആക്ഷേപം ഉന്നയിക്കുകയാണ്. ഇന്നലെ പ്രധാനമന്ത്രിക്ക് മറുപടി നല്കിയപ്പോള് പോലും ശ്രദ്ധയോട് കൂടിയുള്ള വിനീതഭവത്തിലായിരുന്നു മുഖ്യമന്ത്രി. ഞങ്ങള്‍ രണ്ടു പേരും ഒന്നല്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇപ്പോള്‍ സംസാരിക്കുന്നത്. ഇവര്‍ രണ്ടു പേരും ഒന്നുതന്നെയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ ആക്ഷേപം ഉന്നയിച്ച് ബി.ജെ.പിയെ പ്രീതിപ്പെടുത്താനാണ് പിണറായി വിജയന് ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് മാസ്കറ്റ് ഹോട്ടലില്‍ ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ആര്.എസ്.എസുമായുള്ള എല്ലാ പ്രശ്നങ്ങളും പിണറായി വിജയന് അവസാനിപ്പിച്ചിരുന്നതാണ്. ഇവര്‍ തമ്മിലുള്ള ബാന്ധവം ഇപ്പോഴും തുടരുകയാണ്. അതിന്റെ ഭാഗമായി ചില സീറ്റുകളില്‍ യു.ഡി.എഫിന് പരാജയപ്പെടുത്തുന്നതിന് വേണ്ടി പരസ്പരം സഹായിക്കാമെന്ന ധാരണയില്‍ ഇവര്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. എല്‍.ഡി.എഫ് കണ്‍വീനറും തൃശൂരിലെ എല്‍.ഡി.എഫ് പിന്തുണയുള്ള മേയറുമൊക്കെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ കുറിച്ച് പുകഴ്ത്തുന്നതും ഇതിന്റെ ഭാഗമായാണ്.
ഇലക്ടറല്‍ ബോണ്ടിനെ കുറിച്ച് രാഷ്ട്രീയ പോസ്റ്റിട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ ചെറുപ്പക്കാരനെതിരെ, പ്രധാനമന്ത്രിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നും കാട്ടിയാണ് പിണറായിയുടെ പൊലീസ് കേസെടുത്തത്. മോദി പ്രേമവും പ്രീണനവും എവിടെ വരെ എത്തിനില്‍ക്കുന്നു എന്നതിന്റെ തെളിവാണിത്. പ്രതിപക്ഷ നേതാവിനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിന് എതിരെ നല്കിയ 9 പരാതികളില്‍ കേസെടുക്കാത്തവരാണ് ഇപ്പോള്‍ കേസുമായി ഇറങ്ങിയിരിക്കുന്നത്. കേരളത്തില്‍ എല്‍.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. ജനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ച മുഖ്യമന്ത്രിക്ക് ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്നതു കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. ഒരു സീറ്റില്‍ പോലും സി.പി.എമ്മും ബി.ജെ.പിയും വിജയിക്കില്ല. ഇരുപതില്‍ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനങ്ങള്‍ക്കിടയിലുള്ള പ്രതിഷേധവും അമര്‍ഷവും യു.ഡി.എഫിന് വോട്ടായി മാറും. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ തരംഗവും ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ തരംഗവുമുണ്ട്.
പാനൂരില്‍ ബേംബ് പൊട്ടിയതില്‍ ക്ഷീണിച്ചിരിക്കുകയാണ് സി.പി.എം. ആരെ കൊല്ലാനാണ് ബേംബ് ഉണ്ടാക്കിയതെന്ന ചോദ്യത്തിന് സി.പി.എം ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ആര്.എസ്.എസുമായി സന്ധി ചെയ്തു കൊണ്ട് യു.ഡി.എഫുകാരെ കൊല്ലാനാണ് ബേംബുണ്ടാക്കിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ദിവസം യു.ഡി.എഫ് പ്രവര്‍ത്തകനായ മണ്‍സൂറിനെ ബോംബെറിഞ്ഞ് കൊന്ന പാര്‍ട്ടിയാണ് സി.പി.എം. അതേ പാര്‍ട്ടിയാണ് ഇപ്പോഴും യു.ഡി.എഫുകാരെ കൊല്ലാന്‍ ബോംബുണ്ടാക്കിയത്. ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ പുതിയ നുണ ബോംബുമായി സി.പി.എമ്മും സ്ഥാനാര്‍ത്ഥിയും ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മാസം 25-ന് മുഖ്യമന്ത്രിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും ഡി.ജി.പിക്കും എസ്.പിക്കും എല്‍.ഡി.എപ് ഇതേ പരാതി നല്‍കിയിട്ടും ഇതുവരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്? സ്ത്രീകളെയോ എതിര് സ്ഥാനാര്‍ത്ഥികളെയോ അപമാനിക്കുന്നതിനെ യു.ഡി.എഫ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇത്തരം കാര്യങ്ങള്‍ സി.പി.എമ്മാണ് ചെയ്യുന്നത്. വൈകാരികമായി തൊണ്ടയിടറി പറഞ്ഞെന്ന തരത്തില്‍ ഇപ്പോള്‍ വാര്‍ത്ത വരുത്തിക്കുകയാണ്. പരാതി നല്‍കിയിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടത്. കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ കെ.കെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല. ലതികാ സുഭാഷിനെയും ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ അതിജീവിതയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും സ്ത്രീപക്ഷ വാദികളെ ആരെയും കണ്ടില്ല. കയ്യൂര്‍ സമരനായകനായ കണ്ണന്റെ കൊച്ചുമകള്‍ രാധയ്ക്കെതിരെ സി.പി.എമ്മുകാര്‍ നടത്തിയ അസഭ്യവര്‍ഷം നടത്തിയപ്പോഴും ആര്‍ക്കും പൊള്ളിയില്ല. ഉമാ തോമസിനെയും ബിന്ദു കൃഷ്ണയെയും അരിതാ ബാബുവിനെയും രമ്യ ഹരിദാസിനെയും അധിക്ഷേപിച്ചില്ലേ? വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സി.പി.എം ആക്ഷേപിച്ചതും ആക്രമിച്ചതും. ഇതൊന്നും യു.ഡി.എഫിന്റെയോ കോണ്‍ഗ്രസിന്റെയോ രീതിയല്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിപക്ഷ നേതാവ് ദൃശ്യങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചെന്നാണ് മന്ത്രി പി രാജീവ് ആരോപിച്ചത്. അതിന് ജനങ്ങള്‍ കൊടുത്ത മറുപടി കണ്ടല്ലോ. സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിന്റെ അടിയില്‍ ക്യാമ വച്ച സി.പി.എമ്മുകാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല. ഇതുപോലെയൊന്നും കോണ്‍ഗ്രസും യു.ഡി.എഫും അധപതിക്കില്ല.
ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയ്ക്കെതിരെ യു.ഡി.എഫ് രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കും. 1032 കോടിയുടെ അഴിമതി ആരോപണം അവര്‍ക്കെതിരെയുണ്ട്. 450 രൂപയുടെ പി.പി.ഇ കിറ്റ് 1550 രൂപയ്ക്കും ഏഴ് രൂപയ്ക്ക് കിട്ടുന്ന ഗ്ലൗസ് 14 രൂപയ്ക്ക് വാങ്ങിയതും അവരുടെ കാലത്താണ്. അതിനെതിരെ ലോകായുക്തയില്‍ കേസ് നല്‍കിയിട്ടുണ്ട്. പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. കെ.കെ ശൈലജയുടെ കാലത്ത് കോവിഡ് നിയന്ത്രണത്തില്‍ ഏറ്റവും മുന്നില്‍ കേരളമാണെന്ന് പി.ആര് ഏജന്‍സികളെ കൊണ്ട് പറയിച്ചു. എന്നാല്‍ അവര്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഒളിപ്പിച്ചു വച്ച 28000 കോവിഡ് മരണങ്ങളാണ് പുറത്തു വന്നത്. കേരളം മുന്‍പന്തിയിലാണെന്ന് കാണിക്കാനാണ് യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവച്ചത്. മരിച്ചവരുടെ എണ്ണത്തിലും കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലും രണ്ടാം സ്ഥാനത്താണ് കേരളം. അന്ന് കോവിഡ് മരണങ്ങള് മറച്ചുവയ്ക്കാന്‍ ഉപയോഗിച്ച അതേ പി.ആര് ഏജന്‍സിയെ ഉപയോഗിച്ചാണ് ഇപ്പോള്‍ നുണ ബോംബ് പൊട്ടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ജനങ്ങള്‍ക്ക് മനസിലാകും.
ഷാഫി പറമ്പിലിന് വേണ്ടി പ്രകടനം നടത്തിയവര്‍ തൊഴിലുറപ്പ് തൊഴിലാളികളെ അധിക്ഷേപിച്ചു എന്നതാണ് മറ്റൊരു ആരോപണം. നവ കേരള സദസില്‍ ആളെ കൂട്ടാന്‍ തൊഴിലുറപ്പ് തൊഴിലാളികളെയും അങ്കണ്‍വാടി ജീവനക്കാരെയും ആശാ വര്‍ക്കര്‍മാരെയും സ്കൂള്‍ കുട്ടികളെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാനാണ് ആദ്യമായി ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് എത്രയെത്ര ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നത്. കോട്ടയത്ത് തോമസ് ചാഴിക്കാടന്റെ പ്രചരണത്തിന് പോകണമെന്ന് ആവശ്യപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതിന്റെ വോയിസ് മെസേജുകളും പുറത്ത് വന്നിട്ടുണ്ട്. ഞങ്ങളെ പേടിപ്പിച്ച് കൊണ്ടു വന്നതല്ലെന്നാണ് ഷാഫി പറമ്പിലിന്റെ പ്രകടനത്തിന് വന്നവര്‍ പറഞ്ഞത്. അത് എങ്ങനെയാണ് അപമാനിക്കലാകുന്നത്? വെണ്ണപാളികള്‍ ആയ സ്ത്രീകളുടെ സ്വീകരണത്തില്‍ സ്ഥാനാര്‍ത്ഥി മയങ്ങിപ്പോയെന്നാണ് ജയരാജന് പറഞ്ഞത്. ഇതാണ് സ്ത്രീവിരുദ്ധ നിലപാട്. ഉമ്മന്‍ ചാണ്ടിയുടെ പെണ്മക്കളെ കുറിച്ച് പുതുപ്പള്ളി തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞതൊന്നും മറന്നു പോകരുത്. എന്തൊരു സ്ത്രീ വിരുദ്ധ പ്രചരണമാണ് സി.പി.എം നടത്തുന്നത്. എത്ര വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേട്ടാല്‍ അറയ്ക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. മാധ്യമ പ്രവര്‍ത്തകരെ ഹീനമായി അധിക്ഷേപിച്ച ആര്‍ക്കെങ്കിലും എതിരെ കേസെടുത്തോ? എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കണ്ടെന്റ് ഉണ്ടാക്കലാണോ ഷാഫിയുടെ ജോലി?
തിരഞ്ഞെടുപ്പിന്റെ അവസാന ആഴ്ചയില്‍ പുതിയ സാധനവുമായി ഇറങ്ങിയിരിക്കുയാണ്. ഇതൊന്നും ഇവിടെ ഓടില്ല. പരാതി നല്‍കിയിട്ടും പൂഴ്ത്തി വച്ച പിണറായി വിജയനാണ് ഒന്നാം പ്രതി. പരാതി എവിടെയാണ് പൂഴ്ത്തിവെച്ചതിനുള്ള മറുപടി പിണറായി വിജയനാണ് പറയേണ്ടത്. തിരഞ്ഞെടുപ്പിന്റെ അവസാനത്തെ ആഴ്ച കത്തിക്കാന്‍ കാത്തിരുന്നതാണെങ്കില്‍ നിങ്ങള്‍ തന്നെ പെട്ടുപോകും.