ജമ്മു-കശ്മീരിലെ ഝെലം നദിയില്‍ ബോട്ട് മറിഞ്ഞ് അപകടം; നാലു പേർ മരിച്ചതായി റിപ്പോർട്ട്

Jaihind Webdesk
Tuesday, April 16, 2024

 

ജമ്മു-കശ്മീർ: ഝെലം നദിയില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലു പേർ മരിച്ചതായി റിപ്പോർട്ട്. സെൻട്രൽ കശ്മീരിലെ ശ്രീനഗർ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. യാത്രക്കാരും സ്കൂൾ കുട്ടികളുമായി പോയ ബോട്ടാണ് മുങ്ങിയത്. നാല് പേർ മരിച്ചതായും മൂന്ന് കുട്ടികളെ കാണാതായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഗണ്ട്ബാലിൽ നിന്ന് ശ്രീനഗറിലെ ബത്‌വാരയിലേക്ക് സ്കൂള്‍ വിദ്യാർത്ഥികളുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ പ്രദേശവാസികളും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. 12 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു വിദ്യാർത്ഥികളെ കാണാനില്ലെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഝലം നദി അപകടനിലയുടെ അടുത്താണ് ഒഴുകുന്നത്. ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ തിങ്കളാഴ്ച ബനിഹാലിലെ കിഷ്ത്വരി പഥേറിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം നിർത്തിവെച്ചിരുന്നു.