വയനാടിനെ അലകടലാക്കി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; അണിചേർന്ന് പതിനായിരങ്ങള്‍

Jaihind Webdesk
Monday, April 15, 2024

 

കല്പറ്റ: വയനാടിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ റോഡ്ഷോ. ഓരോ കേന്ദ്രങ്ങളിലും അണപൊട്ടിയ ആവേശക്കടലായി മാറിയത് ആയിരങ്ങൾ. സുൽത്താൻ ബത്തേരി, പുൽപ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നീ അഞ്ചിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി രാഹുൽ ഗാന്ധി വോട്ടഭ്യർത്ഥനയുമായി റോഡ് ഷോ നടത്തിയത്.

രാവിലെ 11 മണിയോടെ സുല്‍ത്താന്‍ ബത്തേരിയിലായിരുന്നു ആദ്യറോഡ് ഷോ നടന്നത്. അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കോട്ടക്കുന്നില്‍ അവസാനിച്ച റോഡ് ഷോയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. റോഡ് ഷോ സമാപിച്ച കോട്ടക്കുന്നില്‍ വെച്ച് രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു. വയനാട് അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നങ്ങളായ രാത്രിയാത്രാ നിരോധനം, നഞ്ചന്‍ഗോഡ് നിലമ്പൂര്‍ റെയില്‍പാത, മെഡിക്കല്‍കോളേജ് എന്നീ വിഷയങ്ങള്‍ രാഹുല്‍ പരാമര്‍ശിച്ചു. ഇന്ത്യാമുന്നണി അധികാരത്തില്‍ വന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ രാഹുല്‍, മെഡിക്കല്‍ കോളജ് വിഷയം സംസ്ഥാന സര്‍ക്കാരിന് കേവലം രണ്ട് മിനിറ്റു കൊണ്ട് പരിഹരിക്കാവുന്നതാണെന്നും പറഞ്ഞു.

നിരന്തരമായി ഈ വിഷയങ്ങള്‍ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ബത്തേരിയില്‍ നിന്നും അടുത്ത കേന്ദ്രമായ പുല്‍പ്പള്ളിയിലേക്കായിരുന്നു രാഹുലിന്‍റെ യാത്ര. പന്ത്രണ്ടരയോടെ താഴെയങ്ങാടിയില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ ആയിരക്കണക്കിന് കര്‍ഷകരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് വാദ്യഘോഷങ്ങളുടെയും വര്‍ണ്ണബലൂണുകളും പ്ലക്കാര്‍ഡുകളുടെയും അകമ്പടിയോടെ റാലിയായി ടൗണ്‍ ചുറ്റി അനശ്വര ജംഗ്ഷനില്‍ സമാപിച്ചു. ഇന്ത്യാമുന്നണി അധികാരത്തിലെത്തിയാല്‍ കാര്‍ഷികകടങ്ങള്‍ എഴുതിതള്ളുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി സര്‍ക്കാര്‍ അതിസമ്പന്നരായവരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിതള്ളിയത്. എന്നാല്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ തയാറായില്ല. വയനാട്ടിലെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്. കര്‍ഷകന് അവരുടെ അധ്വാനത്തിന്‍റെ ഫലം ലഭിക്കുന്നില്ല. ഇന്ത്യാ മുന്നണി അധികാരത്തില്‍വന്നാല്‍ രാജ്യത്തെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും രാഹുല്‍ പറഞ്ഞു.

 

 

പുല്‍പ്പള്ളിയില്‍ നിന്നും മാനന്തവാടിയിലെത്തിയ രാഹുല്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റോഡ് ഷോ ന യിച്ചു. വയനാടിന്‍റെ സുപ്രധാന വിഷയങ്ങളും അധികാരത്തിലെത്തിയാല്‍ അതിന് പരിഹാരം കാണുമെന്ന ഉറപ്പുമാണ് രാഹുല്‍ ഇവിടെയും ആവര്‍ത്തിച്ചത്. മാനന്തവാടിക്ക് പിന്നാലെ വെള്ളമുണ്ടയിലായിരുന്നു അടുത്ത് പരിപാടി. സമയം മൂന്നര പിന്നിട്ടിട്ടും വന്‍ ജനാവലിയായിരുന്നു രാഹുല്‍ഗാന്ധിക്കായി വെള്ളമുണ്ടയില്‍ കാത്തുനിന്നത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് മുന്നില്‍ നിന്നും ആരംഭിച്ച റോഡ്ഷോ പത്താം മൈലില്‍ സമാപിച്ചു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യസ്വത്തല്ലെന്ന് രാഹുല്‍ തുറന്നടിച്ചു. ഭരണഘടനയെ മാറ്റിമറിക്കുമെന്നാണ് ബിജെപിഎംപിമാര്‍ പറയുന്നത്. എന്നാല്‍ ഭരണഘടനയെ മാറ്റാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിക്ക് ഇന്ത്യയെന്ന രാജ്യത്തെ മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി വെള്ളമുണ്ടയിലെ ജനങ്ങളോടായി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഒടുവിലത്തെ റോഡ് ഷോ നടന്നത് പടിഞ്ഞാറത്തറയിലായിരുന്നു. ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ഇവിടെയും റോഡ്ഷോയില്‍ അണിനിരന്നു. പടിഞ്ഞാറത്തറ ഇന്ത്യന്‍ഓയില്‍ പമ്പിന്‍റെ പരിസരത്തു നിന്നും ആരംഭിച്ച റോഡ് ഷോ കല്‍പ്പറ്റ റോഡിലാണ് സമാപിച്ചത്. മോദി രാജ്യത്തെ യുവജനങ്ങളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് രാഹുല്‍ സമാപനവേളയില്‍ സംസാരിക്കവെ പറഞ്ഞു. 30 ലക്ഷം തൊഴിലവസരങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. ആ തൊഴിലവസരങ്ങള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. വിവിധ റോഡ്ഷോകളില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാന്‍ രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എംഎല്‍എമാരായ ടി. സിദ്ദിഖ്, എ.പി. അനില്‍കുമാര്‍, ഐ.സി. ബാലകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ്, പി.വി. മോഹന്‍, സി. മമ്മൂട്ടി, എന്‍.ഡി. അപ്പച്ചന്‍, കെ.കെ. അഹമ്മദ്ഹാജി, ടി. മുഹമ്മദ് തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുത്തു.