കോഴിക്കോട്: വെണ്ണപ്പാളി പരാമര്‍ശത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. വടകര പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിലെ സ്ത്രീകളെ സംബന്ധിച്ച് സിപിഎം നേതാവ് പി. ജയരാജന് നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു.
വടകരയിലെ മുഴുവന്‍ തൊഴിലെടുക്കുന്ന, സ്വാഭിമാനമുള്ള സ്ത്രീകളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് സിപിഎം നേതാവ് പി. ജയരാജന് നടത്തിയത്. വെണ്ണപ്പാളികള്‍ എന്നാണ് പി. ജയരാജന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വടകരയിലെ സ്ത്രീകളെ വിശേഷിപ്പിച്ചത്. കേട്ടുകേള്‍വിയോ മുദ്രാവാക്യത്തിലെ ഒരു വാക്കോ വാചകമോ അല്ല അത്. മറിച്ച് ഒരു മുതിര്‍ന്ന ഉത്തരവാദിത്വപ്പെട്ട നേതാവിന്റെ സ്വന്തം അക്കൗണ്ടിലെ ഫേസ്ബുക്ക് പോസ്റ്റാണ്. എന്നിട്ടും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.
അതേസമയം പി. ജയരാജന് സ്ത്രീത്വത്തെ അപമാനിച്ചെന്നും മാപ്പ് പറയണമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകരെ ജയരാജൻ അപമാനിക്കുകയാണ് ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ ഇത് അംഗീകരിക്കുന്നുണ്ടോയെന്നും പ്രവീണ്‍ കുമാര്‍ ചോദിച്ചു.