സിദ്ധാർത്ഥന്‍റെ മരണം; ശാസ്ത്രീയ പരിശോധനയുമായി സിബിഐ

Jaihind Webdesk
Saturday, April 13, 2024

 

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥന്‍റെ മരണത്തിൽ ശാസ്ത്രീയ പരിശോധനയുമായി സിബിഐ. മൃതദേഹത്തിന്‍റെ ഡമ്മി ഉൾപ്പെടെ തയാറാക്കിയാണ് പരിശോധന തുടരുന്നത്. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറിയിലും ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ട്. സിദ്ധാർത്ഥന്‍റെ മരണം കൊലപാതകം ആണെന്ന ബന്ധുക്കളുടെ ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് ശാസ്ത്രീയ പരിശോധന.

സിബിഐ ഡിഐജി ലൗലി കട്ടിയാറിന്‍റെ നേതൃത്വത്തിലുള്ള പത്തംഗസംഘം ഹോസ്റ്റലിൽ എത്തിയത് രാവിലെ ഒമ്പതരയോടെ . സംസ്ഥാന പോലീസിന് കീഴിലെ ഫോറൻസിക് ടീമും, സിബിഐയിലെ വിദഗ്ധരും സംഘത്തിൽ ഉണ്ടായിരുന്നു. സിദ്ധാർത്ഥനെ മർദ്ദിച്ച ഹോസ്റ്റലിന്‍റെ നടുത്തളം, ഇരുപത്തിയൊന്നാം നമ്പർ മുറി എന്നിവിടങ്ങളിലും പരിശോധന നടത്തി . ഇതിനുശേഷമാണ് ഡോർമെറ്ററിയിലെ ശുചിമുറിയിൽ ശാസ്ത്രീയ പരിശോധന തുടങ്ങിയത്. ശുചിമുറിയിലെ ജനലിലാണ് അടിവസ്ത്രത്തിൽ സിദ്ധാർത്ഥനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്നും സംഘം തെളിവുകൾ ശേഖരിച്ചു.

പതിനൊന്നരയോടെയാണ് മൃതദേഹത്തിന് സമാനമായ ഡമ്മി ഉപയോഗിച്ച് പരിശോധന തുടങ്ങിയത്. മൃതദേഹത്തിന്‍റെ ഭാരവും ഉയരവുമുള്ള ഡമ്മിയാണ് ഇതിനായി ഉപയോഗിച്ചത്. മരണം കൊലപാതകം ആണെന്ന് ആരോപണം ബന്ധുക്കൾ ഉയർത്തിയിരുന്നു. മൃതദേഹം ആദ്യമായി കണ്ട വിദ്യാർത്ഥികളോട് ഉൾപ്പെടെ മൊഴിയെടുപ്പിന് ഹാജരാകാന്‍ സിബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്. കോളേജ് മുൻ ഡീൻ, അസിസ്റ്റന്‍റ് വാർഡൻ തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തും. സിബിഐ എസ്പിമാരായ എ.കെ. ഉപാധ്യായ, സുന്ദർവേൽ എന്നിവർക്കൊപ്പം നേരത്തെ കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പി എൻ.കെ. സജീവനും സംഘത്തിലുണ്ട്.