‘സത്യന്‍റെ കൊലപാതകം പാർട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്’; സിപിഎമ്മിനെ വെട്ടിലാക്കി നേതാവിന്‍റെ വെളിപ്പെടുത്തല്‍

Jaihind Webdesk
Thursday, April 11, 2024

 

ആലപ്പുഴ: കായംകുളത്തെ ഐഎന്‍ടിയുസി നേതാവ് സത്യന്‍റെ കൊലപാതകം പാർട്ടി ആസൂത്രണം ചെയ്ത് നടത്തിയതെന്ന് സിപിഎം നേതാവിന്‍റെ വെളിപ്പെടുത്തൽ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അയച്ച കത്തിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും കേസിലെ പ്രതിയുമായ ബിപിൻ സി ബാബുവിന്‍റെ വെളിപ്പെടുത്തല്‍. പ്രതി തന്നെ സത്യം വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കേസില്‍ പുനഃരന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

2001-ലാണ് മുൻ ആര്‍എസ്എസ് പ്രവർത്തകനും ഐഎന്‍ടിയുസി നേതാവുമായ സത്യൻ കായംകുളം കരിയിലക്കുളങ്ങരയിൽ വെച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കേസിലെ 7 പ്രതികളെയും തെളിവില്ലെന്ന് കണ്ട് 2006-ൽ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ സിപിഎം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന ബിപിൻ സി. ബാബുവിന്‍റെ വെളിപ്പെടുത്തലോടെ സിപിഎം അടിമുടി പ്രതിരോധത്തിലായിരിക്കുകയാണ്. സിപിഎം കായംകുളം മുന്‍ ഏരിയാ സെന്‍റര്‍ അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാണ് സത്യന്‍ കൊലക്കേസിലെ ആറാം പ്രതിയായ ബിപിന്‍ സി. ബാബു.

കഴിഞ്ഞ വര്‍ഷം ഇയാളെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അടുത്ത കാലത്ത് ബിപിൻ സി ബാബുവിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് അംഗമെന്ന പദവി രാജിവെക്കുന്നുവെന്ന് കാട്ടി എം.വി. ഗോവിന്ദന് അയച്ച കത്തിലാണ് സിപിഎമ്മിനെ അടിമുടി പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍. ബിപിന്‍റെ അമ്മയും കായംകുളം ഏരിയാ കമ്മിറ്റി അംഗവുമായ കെ.എല്‍. പ്രസന്നകുമാരിയും ഏരിയാ കമ്മിറ്റി മുന്‍ അംഗം ബി ജയചന്ദ്രനും സിപിഎമ്മില്‍ നിന്ന് രാജിവച്ചിട്ടുണ്ട്. ആലപ്പുഴയിലെ മുതിര്‍ന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.എച്ച്. ബാബുജാന്‍റെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് പ്രസന്ന കുമാരിയുടെ കത്തില്‍ പറയുന്നു.