മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി

Jaihind Webdesk
Tuesday, April 9, 2024

 

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി  തള്ളി. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധിപറഞ്ഞത്. ഏപ്രില്‍ മൂന്നിന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ മൂന്നു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം വിധി പറയാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.

അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഹർജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും കോടതി  പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിനെതിരെ മതിയായ തെളിവുകള്‍ ഇഡിക്ക് ഹാജരാക്കാന്‍ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. മദ്യനയക്കേസില്‍ മാര്‍ച്ച് 21-നാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇഡിഅറസ്റ്റ് ചെയതത്. ഏപ്രില്‍ 15 വരെ കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള അദ്ദേഹത്തിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുന്നത്.