കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നത് വർഗീയ ധ്രുവീകരണമുണ്ടാക്കാന്‍; രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, April 4, 2024

 

തിരുവനന്തപുരം: കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ച ‘കേരള സ്‌റ്റോറി’ എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ വർഗീയ ധ്രുവീകരണമാണ് ലക്ഷ്യമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേവലം രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. ബിജെപിയുടെ വില കുറഞ്ഞ രാഷ്ടീയം കേരളത്തിൽ വിലപ്പോവില്ലെന്ന് തിരെഞ്ഞെടുപ്പ് കഴിയുമ്പോൾ ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ കുറിച്ച് അസത്യങ്ങൾ പ്രചരിപ്പിക്കുന്ന ‘കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. ഇത് കേരളത്തിൽ നടക്കില്ല. ഇന്ത്യയിൽ സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്ന ഭിന്നിപ്പിന്‍റെ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്നു ബോധ്യമാകാൻ അധിക സമയം വേണ്ടി വരില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ നഗ്നമായ ലംഘനമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.