കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Jaihind Webdesk
Thursday, April 4, 2024

 

കൊല്ലം: ഹാട്രിക്ക് വിജയം തേടി ജനവിധി തേടുന്ന കൊല്ലം പാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആർഎസ്പി ഓഫീസിൽ നിന്നും യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം പ്രകടനമായി എത്തിയാണ് ജില്ലാ കളക്ടർക്ക് മുന്നിൽ പ്രേമചന്ദ്രൻ പത്രിക സമർപ്പിച്ചത്. ആർഎസ്പി കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം പ്രകടനമായാണ് എൻ.കെ. പ്രേമചന്ദ്രൻ എംപി പത്രിക സമർപ്പിക്കാനായി കളക്ടറേറ്റിൽ എത്തിയത്.

കൊല്ലം ലോക്സഭാ മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം തവണയും ജനവിധി തേടുന്ന പ്രേമചന്ദ്രൻ മുഖ്യ വരണാധികാരി ജില്ലാ കളക്ടർ ദേവിദാസിന് മുന്നിലാണ് പത്രിക നൽകിയത്. നാല് സെറ്റ് പത്രികയാണ് അദ്ദേഹം സമർപ്പിച്ചത്. സിപിഎമ്മിന്‍റെ വോട്ട് ബാങ്കിൽ ഇക്കുറി വൻ ചോർച്ച ഉണ്ടാകുമെന്നും കഴിഞ്ഞ പത്ത് വർഷം പാർലമെന്‍റ് അംഗം എന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം വീണ്ടും ജനങ്ങൾ നൽകുമെന്നും പത്രിക സമർപ്പിച്ചശേഷം എൻ.കെ.
പ്രേമചന്ദ്രൻ പറഞ്ഞു. രാഷ്ട്രീയവും വികസനവും ഒരുപോലെ ചർച്ച ചെയ്യുന്ന കൊല്ലത്ത് ഹാട്രിക്ക് വിജയം ലക്ഷ്യമാക്കിയാണ് എൻ.കെ. പ്രേമചന്ദ്രൻ വീണ്ടും ജനവിധി തേടുന്നത്.