‘സിപിഎം-ബിജെപി ഡീല്‍ അറിഞ്ഞുതന്നെയാണ് മത്സരിക്കാനിറങ്ങിയത്’; കോണ്‍ഗ്രസിന് ഭയമില്ല, വിജയം ഉറപ്പെന്ന് കെ. മുരളീധരന്‍

Jaihind Webdesk
Thursday, April 4, 2024

 

തൃശൂർ: തൃശൂരിൽ താന്‍ നൂറ് ശതമാനം വിജയമുറപ്പിച്ചെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരന്‍. ഈ തിരഞ്ഞെടുപ്പിലും സിപിഎം-ബിജെപി ഡീല്‍ ഉണ്ട്. ഇത്തരം ഡീലുകളിലൊന്നും കോണ്‍ഗ്രസിന് ഭയമില്ല. സിപിഎം-ബിജെപി ഡീല്‍ മനസിലാക്കിത്തന്നെയാണ് താന്‍ തൃശൂരില്‍ മത്സരത്തിനിറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി സജീവമാകുന്നത് ഡീൽ ഉറപ്പിക്കാൻ വേണ്ടിയാണെന്ന് കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി. വലിയ നടപടികളിലേയ്ക്ക് ഇഡി കടക്കില്ല. ഇഡിയുടെ ലക്ഷ്യം മോദിക്കു ഒന്നോ രണ്ടോ പേരെ കേരളത്തിൽ നിന്നും പാർലമെന്‍റിലേക്ക് അയക്കുക എന്നതാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമല്ലെങ്കിൽ നേരത്തെ തന്നെ ശക്തമായ നടപടി സ്വീകരിക്കേണ്ടതായിരുന്നു. ബാങ്കിൽ നിന്ന് കട്ടെടുത്തവർക്ക് പേടിയുണ്ടാകും. പുറത്തു കാണിക്കുന്ന പേടിയൊന്നും അകത്തുണ്ടാവില്ല. ഡീൽ എന്താണെന്ന് അവർക്കറിയാം. ഡീലിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം ഓഫീസിൽ വന്ന് ആരും പേടിക്കേണ്ടെന്ന് പറഞ്ഞത്.

എസ്ഡിപിഐ പിന്തുണയെക്കുറിച്ച് പറയാന്‍ സിപിഎമ്മിന് എന്തു യോഗ്യതയാണുള്ളതെന്നും കെ. മുരളീധരന്‍ ചോദിച്ചു. നേമത്ത് എസ്ഡിപിഐ പിന്തുണയിൽ ജയിച്ചയാളാണ് ശിവൻകുട്ടി. ശിവൻകുട്ടിക്ക് പിന്തുണ നൽകിയെന്ന കാര്യം എസ്ഡിപിഐ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരുള്ള ആരുടെ വോട്ടും താന്‍ വേണ്ടെന്ന് പറയില്ല. സിപിഎം-ബിജെപി ഡീൽ വഴി ലക്ഷ്യം വെക്കുന്നത് തിരുവനന്തപുരവും തൃശൂരുമാണ്. കോണ്‍ഗ്രസിന് ഇതിലൊന്നും തെല്ലും ഭയമില്ലെന്നും തൃശൂരില്‍ തനിക്ക് വിജയം ഉറപ്പാണെന്നും കെ. മുരളീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.