തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് ഉന്നത പോലീസ് സംഘം പുനഃരന്വേഷിക്കണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസന്. കേസ് നടത്തിപ്പില്‍ കുടുംബത്തിനുപോലും പരാതിയില്ലെന്ന് കള്ളം പറഞ്ഞ മുഖ്യമന്ത്രിയെ റിയാസ് മൗലവിയുടെ കുടുംബം അപ്പാടെ തള്ളുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ മൗലവിയുടെ സഹോദരന് അബ്ദുള്‍ ഖാദര്‍ ആവശ്യപ്പെട്ട പ്രകാരം കേസ് ഉന്നത പോലീസ് സംഘം പുനഃരന്വേഷിക്കേണ്ടതുണ്ടെന്ന് എം.എം. ഹസന് ചൂണ്ടിക്കാട്ടി.
കേസില്‍ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടെന്നാണ് വിചാരണ കോടതി വ്യക്തമാക്കിയത്. സിപിഎമ്മും ബിജെപിയും ചേര്‍ന്ന് കേസ് പരാജയപ്പെടുത്തുകയായിരുന്നു. ഒരു മുസ്ലിം പണ്ഡിതനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ യുഎപിഎ ചുമത്താതിരുന്നത് വ്യക്തമായ അന്തര്‍ധാരയുടെ അടിസ്ഥാനത്തിലാണ്. യുഎപിഎ ചുമത്താതിരുന്നതിന് അതു സര്‍ക്കാരിന്റെ നയമല്ലെന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. എന്നാല്‍ അതേ മുഖ്യമന്ത്രിയാണ് മാവോയിസ്റ്റ് സാഹിത്യം വായിച്ചെന്ന പേരില്‍ അലന്റെയും താഹയുടെയും ജീവിതം യുഎപിഎ ചുമത്തി ജയിലിടച്ച് തകര്‍ത്തത്. ഗൂഢാലോചന ഉള്‍പ്പെടെ പലകാര്യങ്ങളും അന്വേഷണസംഘം മനഃപൂര്‍വം വിട്ടുകളഞ്ഞു. ഈ കേസില്‍ അപ്പീല്‍ പോകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിചാരണക്കോടതിയില്‍ തെളിവുകള്‍ അട്ടിമറിച്ചശേഷം മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നു പറഞ്ഞിട്ട് എന്താണ് ഫലമെന്ന് ഹസന് ചോദിച്ചു.
സിപിഎം – ബിജെപി ഒത്തുകളി കേസുകളിലേക്ക് വ്യാപകമായത് പിണറായി വിജയന് മുഖ്യമന്ത്രിയായശേഷമാണ്. സിപിഐ കാഞ്ഞങ്ങാട് എംഎല്‍എ ഇ. ചന്ദ്രശേഖരന്റെ കൈ തല്ലിയൊടിച്ച കേസില്‍ സിപിഎം നേതൃത്വം ഇടപെട്ട് കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷിച്ചു. കേസില്‍ സക്ഷികളായിരുന്ന സിപിഎം നേതാക്കള്‍ ടി.കെ. രവിയും അനില്‍ ബങ്കളവും ആര്‍എസ്എസിന് അനുകൂലമായി കൂറുമാറിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറ്റൊരു വധശ്രമക്കേസില്‍ സിപിഎം നേതാക്കളെ രക്ഷപ്പെടുത്താന്‍ ബിജെപി നേതൃത്വവുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പുപ്രകാരമാണ് ഇങ്ങനെ മലക്കം മറിഞ്ഞതെന്ന് ഹസന് പറഞ്ഞു.
വണ്ടിപ്പെരിയാറില്‍ ബാലികയെ കൊന്നു കെട്ടിത്തൂക്കിയ ഡിവൈഎഫ്ഐക്കാരനായ പ്രതിയെ രക്ഷിച്ചതും വാളയാറില്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസ് അട്ടിമറിച്ചതും പിണറായി സര്‍ക്കാരാണ്. പാമ്പാടി നെഹ്റു കോളേജിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കപ്പെട്ടപ്പോള്‍ കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായ അമ്മയ്ക്ക് തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വന്നെന്നും എം.എം. ഹസന് ചൂണ്ടിക്കാട്ടി.