ആലപ്പുഴ: മണിപ്പുർ സര്‍ക്കാര്‍ ദുഃഖവെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിവസമായി പ്രഖ്യാപിച്ചതിനു പിന്നില്‍ കൃത്യമായ രാഷ്ടീയ ഗൂഢാലോചന ഉണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ പാർലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ.സി. വേണുഗോപാല്‍.
കഴിഞ്ഞ 11 മാസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങള്‍ നമ്മളെയാകെ വേദനയിലാഴ്ത്തിയതാണ്. അതിന്‍റെ മുറിവ് ഉണങ്ങും മുമ്പ് വീണ്ടും വ്രണപ്പെടുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നത്. ഇത് ഒരു മതവിഭാഗത്തിന്‍റെ മാത്രം പ്രശ്‌നമല്ല. ലോകത്തിനു മുഴുവന്‍ പ്രത്യാശ നല്‍കുന്ന ദിവസം പ്രവൃത്തി ദിവസമായി തീരുമാനിച്ചത് അങ്ങേയറ്റം സങ്കടകരവും പ്രതിഷേധാര്‍ഹവുമാണ്. എങ്ങിനെ ആളുകളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയലാഭം കൊയ്യാമെന്നാണ് ബിജെപി ആലോചിക്കുന്നത്. ഇത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനം കൂടിയാണെന്ന് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
നാഗാലാന്‍ഡിലും ബിജെപി പയറ്റുന്നത് ഇതേ തന്ത്രമാണ്. രാജ്യത്തിന്‍റെ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ഭീതി വിതയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളുടെ പ്രതിഷേധത്തിന്‍റെയും സമ്മര്‍ദ്ദത്തിന്‍റെയും ഫലമായാണ് ഒടുവില്‍ ഉത്തരവ് പിന്‍വലിക്കേണ്ടി വന്നതെന്നും കെ.സി. വേണുഗോപാല്‍ ചേര്‍ത്തലയില്‍ പറഞ്ഞു.