ജമ്മു-കശ്മീരിലെ കത്വ ജില്ലയിലെ ഹിരാനഗറിൽ നിന്നുള്ള ബിജെപി മുൻ എംഎൽഎ ദുർഗാ ദാസ് കോൺഗ്രസിൽ ചേർന്നു. ജമ്മു കശ്മീരിന്‍റെ ചുമതലയുള്ള എഐസിസി ഇൻ ചാർജ് ഭരത് സിംഗ് സോളങ്കി, പിസിസി പ്രസിഡന്‍റ് വികാർ റസൂൽ വാനി എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചൊവ്വാഴ്ച കോൺഗ്രസിൽ ചേർന്നത്.
ഒരാഴ്ച മുമ്പ് ജമ്മു-കശ്മീർ മുന്‍ മന്ത്രിയും ഉധംപൂർ ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള മുൻ എംപിയുമായ ചൗധരി ലാൽ സിംഗും കോണ്‍ഗ്രസില്‍ ചേർന്നിരുന്നു. ദോഗ്ര സ്വാഭിമാന്‍ സംഗതന്‍റെ സ്ഥാപകന്‍ കൂടിയാണ് ചൗധരി ലാൽ സിംഗ്. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ എത്തിനില്‍ക്കെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളാണ് കോണ്‍ഗ്രസിലേക്ക് എത്തുന്നത്. ഇത് കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും ശക്തി പകരുമ്പോള്‍ ബിജെപിക്ക് കനത്ത തിരിച്ചടി ആവുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഒരു മാസത്തിനകം നിരവധി പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.