തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണ രേഖകള്‍ ഉടന്‍ സിബിഐക്ക് കൈമാറും. അന്വേഷണ രേഖകള്‍ കെെമാറാന്‍ സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ഇന്ന് ഡല്‍ഹിയിലേക്ക് പോവും.
സിദ്ധാര്‍ത്ഥന്റെ കുടുംബം ക്ലിഫ് ഹൗസിന് മുന്നില്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഇതുവരെയുള്ള എല്ലാ അന്വേഷണ രേഖകളും കെെമാറാന്‍ ആണ് തീരുമാനം. രേഖകള്‍ കെെമാറാത്തതിനാല്‍ സിബിഐ അന്വേഷണം തുടങ്ങിയിരുന്നില്ല. അന്വേഷണം വഴിമുട്ടിയതില്‍ ഭയമുണ്ടെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും ആശങ്കയുള്ളതായി പിതാവ് ജയപ്രകാശ് പ്രതികരിച്ചിരുന്നു.
പോലീസ് അന്വേഷണം ഏറെക്കുറെ അവസാനിപ്പിച്ചെന്നും സിബിഐ അന്വേഷണം ഒന്നുമായിട്ടില്ലെന്നും സിദ്ധാർത്ഥന്റെ പിതാവ് ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഇനി കാണാൻ ആഗ്രഹിക്കുന്നില്ല. അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിനു മുന്നിൽ സമരമിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സഹായിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണാൻ വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നീതി തേടി പോകേണ്ടത് ഭരണപക്ഷത്തുള്ളവരുടെ അടുത്താണെങ്കിലും, അവരുടെ അടുത്തു പോയാൽ എന്തു സംഭവിക്കുമെന്ന് നിങ്ങൾക്ക് അറിയാമല്ലോയെന്നും ജയപ്രകാശ് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും ഡീനിനെതിരെയും നടപടി വേണമെന്നും ജയപ്രകാശ് പറഞ്ഞു. മാസങ്ങളായി തന്റെ മകന് പീഡനം അനുഭവിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്. എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് എല്ലാം നടന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.