തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ദാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ വിസിയുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അന്വേഷണത്തെ അട്ടിമറിക്കുന്ന നടപടിയാണ് വിസിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഉന്നതരായവരെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള നീക്കമാണിത്. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷം സിദ്ധാര്‍ത്ഥന്റെ കുടുംബത്തിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിബിഐ വരുന്നതിനു മുമ്പ് തെളിവ് നശിപ്പിക്കാനുള്ള നടപടിയാണ് ഇപ്പോൾ നടക്കുന്നതെന്നും വീണ്ടും യുഡിഎഫിന് സമരത്തിലേക്ക് കടക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിദ്ധാർത്ഥൻ കേസിൽ കോളേജ് പുറത്താക്കിയ 33 വിദ്യാർത്ഥികളെയാണ് വിസി തിരിച്ചെടുത്തത്. സർവകലാശാലയുടെ ലോ ഓഫീസറിൽനിന്നു നിയമോപദേശം തേടിയ ശേഷമേ ആന്റ്റി റാഗിംഗ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ എന്നിരിക്കെയാണ് പുതുതായി ചുമതലയേറ്റ വിസി നടപടി നേരിട്ട വിദ്യാർത്ഥികളെ തിരിച്ചെടുത്തത്. ഉന്നതരുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനമെന്നാണ് ആക്ഷേപം.
പ്രതിപക്ഷ നേതാവ് പറഞ്ഞത്:
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനാണ് വൈസ് ചാന്‍സലര്‍ ശ്രമിക്കുന്നത്. നിയമോപദേശം പോലും തേടാതെയാണ് വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് വിസി പിന്‍വലിച്ചത്. പ്രതിപ്പട്ടികയിലുള്ള ഉന്നതരെ രക്ഷിക്കുകയെന്നതാണ് ലക്ഷ്യം. തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിന് പിന്നില്‍ വന്‍ ഇടപെടലുകളുണ്ട്.
എസ്എഫ്ഐ നേതൃത്വത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ കേസാണിത്. വിദ്യാര്‍ത്ഥി, മഹിളാ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നടത്തിയ സമരത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സമരങ്ങളെ ഭയന്നാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയാറായത്. കൊന്ന് കെട്ടിത്തൂക്കിയവര്‍ തന്നെയാണ് അഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കേസ് കൈമാറുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാതെ സിബിഐ വരുന്നതിന് മുന്‍പ് തെളിവുകള്‍ നശിപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാരും സര്‍വകലാശാലയും ശ്രമിക്കുന്നത്. മാധ്യമ വാര്‍ത്തകള്‍ തിരഞ്ഞെടുപ്പിലേക്ക് മാറിയപ്പോള്‍ വീണ്ടും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും ചെറുക്കും. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സിദ്ധാര്‍ത്ഥന്റെ കുടുംബത്തിനൊപ്പമാണ് പ്രതിപക്ഷം.
സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തില്‍ നിന്നും എസ്എഫ്ഐ ക്രിമിനലുകള്‍ ഒന്നും പഠിച്ചില്ല. കൊയിലാണ്ടിയില്‍ അമല്‍ എന്ന വിദ്യാര്‍ത്ഥിയെ ഇടി വീട്ടില്‍ എത്തിച്ച് മര്‍ദ്ദിച്ചു. തിരുവനന്തപുരത്ത് 51 വയസുകാരനായ നൃത്താധ്യാപകനെ മുറിയില്‍ കൊണ്ടു പോയി തല്ലിച്ചതച്ചു. അധ്യാപകന് പിന്നീട് ആത്മഹത്യ ചെയ്തു. ഇതു സംബന്ധിച്ച അന്വേഷണം എന്തായി? പിണറായി വിജയനാണ് എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുന്നത്. ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് ന്യായീകരിച്ച് തെറ്റുകള്‍ക്ക് കുടപിടിച്ച മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും.