ലോക്സഭാ തിരഞ്ഞെടുപ്പില്‍ സർക്കാരിനെതിരായ വികാരം പ്രതിഫലിക്കും; സൂചന നല്‍കി ഓർത്തഡോക്സ് സഭ

Jaihind Webdesk
Wednesday, March 20, 2024

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ വികാരം പ്രതിഫലിക്കുമെന്ന സൂചനയുമായി ഓര്‍ത്തഡോക്‌സ് സഭ. നീതി നിഷേധിക്കുന്നവര്‍ക്കെതിരായ സഭാ മക്കളുടെ വികാരം ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു. സർക്കാർ കൊണ്ടുവരാന്‍ പോകുന്ന ചർച്ച് ബില്ലിനോടുള്ള അതൃപ്തിയും മുഖ്യമന്ത്രിയുടെ പുത്തന്‍കുരിശ് പ്രസംഗത്തോടുളള പ്രതിഷേധവുമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടിന് കാരണം.

ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിച്ച് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വര്‍ധിപ്പിക്കാമെന്ന മോഹവുമായി നീങ്ങുന്ന ഇടതുമുന്നണിക്കും സംസ്ഥാന സർക്കാരിനും തിരിച്ചടിയായിരിക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്. നീതി നിഷേധിക്കുന്നവര്‍ക്കെതിരായ സഭാമക്കളുടെ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ വ്യക്തമാക്കി. സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതിയുടെ വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്ന ചര്‍ച്ച് ബില്ലിനോടുളള അതൃപ്തിയാണ് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തെ സര്‍ക്കാരിന് എതിരാക്കിയത്. പുത്തന്‍കുരിശ് പ്രസംഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടില്‍ ഓർത്തഡോക്സ് സഭ നേരത്തെതന്നെ അതൃപ്തി അറിയിച്ചിരുന്നു. തർക്ക വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കേണ്ട മുഖ്യമന്ത്രി ഒരു വിഭാഗത്തിനെ അനുകൂലിക്കുന്നത് ശരിയല്ലെന്നും സഭ ചൂണ്ടിക്കാട്ടി.

ജനാധിപത്യമൂല്യങ്ങൾ വിശുദ്ധമായി പരിപാലിക്കപ്പെടണമെന്നാണ് ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നത്. ഒരിക്കലും രാഷ്ട്രീയ ലാഭത്തിനായി തെരഞ്ഞെടുപ്പിൽ സമ്മർദ്ദശക്തിയാകാൻ സഭ ആഗ്രഹിക്കുന്നില്ല. എന്നാൽ സഭയെ ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ നിലപാടെടുക്കും. അതിന് നിർബന്ധിതമാകുന്ന സാഹചര്യമാണ് സഭയ്ക്ക് മുന്നിലുളളതെന്നും സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയുടെ കരുതലില്ലാത്ത പ്രതികരണം ഇടതുമുന്നണിക്ക് പ്രതിസന്ധിയുണ്ടാക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ന്യൂനപക്ഷ വിഭാഗത്തിലെ നേതാക്കളുമായി നടത്തിയ സംവാദത്തിനിടെ ഈരാറ്റുപേട്ട സംഭവം പരാമര്‍ശിച്ച് കൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തിന് എതിരെ മുസ്‌ലിം സംഘടനകളും ഒറ്റക്കെട്ടായി രംഗത്തു വന്നിരുന്നു. സമാനമായ പ്രതിഷേധമാണ് മുഖ്യമന്ത്രിയുടെ പുത്തന്‍കുരിശ് യോഗത്തിലെ പ്രസ്താവനയ്ക്ക് എതിരെ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിയമപരമല്ലാത്ത കാര്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഒരുവിഭാഗത്തിന്‍റെ കൈയ്യടി നേടാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും സഭാ നേതൃത്വം വിമര്‍ശിച്ചു.